Tuesday 26 March 2019

സ്നേഹ സമ്മാനം

സുന്ദര മനോജ്ഞ കാവ്യമല്ലിതെങ്കിലും സുഹൃത്തെ,
നിനക്കായ് ഞാൻ തരുന്നിതാ സ്നേഹ സമ്മാനം
ഇരുളിലൂടൊഴുകിയെത്തിയ ഒരു തരി വെളിച്ചം
എന്നിലുറഞ്ഞു പോയ ഇരു വാക്കുകൾ
സ്നേഹം
സ്നേഹിച്ചു ഞാനമ്മയെ, അച്ഛനെ
എനിക്കഭയമേകിയ എൻ ജന്മഗൃഹത്തെ
മുത്തശ്ശനെ, കഥകൾ ചൊല്ലിയ മുത്തശ്ശിയെ
സോദരിയെ ,അറിവേകിയ ഗുരുനാഥനെ
സ്നേഹിച്ചു ഞാൻ പലപ്പോഴും നിന്നെയും
എന്നെ പുണർന്ന നിശ തൻ നീലവാനങ്ങളിൽ
അനന്തമാം പ്രകൃതി തൻ സുന്ദര മിഴികളിൽ
ഞാൻ തോർന്നു തീരാത്ത മഴയായ് ഹസിക്കെ
എൻ മനതാരിൽ തീർത്ത സ്നേഹ ഹാരങ്ങളിൽ
കോർത്തെടുത്തു ഞാൻ നിന്നെയും സുഹൃത്തെ
അറിവായ്, സാന്ത്വനമായ്, കുളിർ കാറ്റായ്
സൗഹൃദത്തിൻ വിഭവങ്ങൾ നൽകി നീ
എൻ മനതാരിൽ മായാത്ത വർണമായ്
എൻ കല്ലോല വീണയിൽ തീരാത്ത ഗാനമായ്
സൗഹൃദച്ചെപ്പിലെ വാടാത്ത മലരായി
എൻ തൂലികത്തുമ്പിലും കവിതയായ് വന്നു നീ

- റീജ ശ്രീധരൻ

No comments:

Post a Comment