Saturday 23 March 2019

ഉറവ തേടി

ജീവിയ്ക്കുവാനായി കാടുകളിലൂടെ അലഞ്ഞു
ജീവിതം മെച്ചപ്പെടുത്തുവാനായി നാടുകൾ പണിതു
വാക്കുകൾക്കു നിറം പകരാനായി
നാട്ടിൻ പുറങ്ങളിലൂടെ നടന്നു
നാടുകൾക്കു പുരോഗമനമേകാൻ
നഗരങ്ങളിലേയ്ക്ക് പാലായനം ചെയ്തു
ജീവിയ്ക്കാൻ പഠിപ്പിച്ച കാടും
ജീവനാധാരമായ നാടും മറന്നപ്പോൾ
വളർന്നു വന്ന നഗരങ്ങൾ
നാണയം നേടാൻ പഠിപ്പിച്ചു..
പിന്നീട്‌ നാണയങ്ങളാണ് ജീവനു വില പറഞ്ഞത്‌.
പ്രാണനും, പ്രണയത്തിനും വിലപേശുമ്പോൾ
തളർന്ന വേരുകൾ, ശോഷിച്ച ചില്ലകളിലെ
പാകമാകാത്ത പഴങ്ങളെ നോക്കി
നെടുവീർപ്പിട്ടു
കളഞ്ഞു പോയ കാടിനൊപ്പം മാതൃത്വം പടിയിറങ്ങി
മറന്നു പോയ നാടിനൊപ്പം പിതൃത്വമകന്നു പോയി.
പടിയിറങ്ങിയ മാതാവും അകന്നുപോയ പിതാവും
എവിടെ മറഞ്ഞുവോ.. എന്തോ?
അന്വേഷിക്കാൻ സമയമില്ലാതായപ്പോൾ ജീവന്റെ വിലയിടിഞ്ഞു.
നഷ്ടമായവയെപ്പറ്റി പത്രങ്ങളിൽ പരസ്യം കണ്ടു
അത് 'ക്രയവിക്രയ ' രേഖകൾക്കു മാത്രമാണത്രെ
കാട്ടിൽ നിന്നും പറന്നകന്ന കിളികളെപ്പറ്റി
നാടുകളിൽ നിന്നപ്രത്യക്ഷമായ നന്മകൾക്കായി
ഇനിയെവിടെ പരസ്യം കൊടുക്കണം
അറിവുകളുടെ ഒടുക്കവും അറിവില്ലായ്മയുടെ തുടക്കവും
എവിടെ നിന്നായിരുന്നു ?
തിരുത്തുവാൻ ശ്രമിച്ചവരെ ജയിലിലാക്കിയത്രെ
വാദിച്ചവരുടെ നാക്ക് പിഴുതെടുത്തുവത്രെ
പടപൊരുതിയവന്റെ കൈകൾക്ക്
വിലങ്ങ് വച്ചുവത്രെ
തൂലിയയെടുത്തവരെ പൂട്ടിയിട്ടു പോലും
തളർന്നും തകർത്തും കളഞ്ഞ ജീവിതയാരാമങ്ങളിൽ
ചിന്താധാരകൾ തടയാനാർക്കു സാധിക്കും!
ഒടുവിൽ ഗോഥോയും വന്നുവത്രെ
അതിൽ പിന്നെ ജീവന്റെ വിത്ത് മുളച്ചില്ലപോലും
മറഞ്ഞു പോയ പുഴയും അണഞ്ഞുപോയ കാടും
പിരിഞ്ഞു പോയ തണലും
പിടഞ്ഞു മരിച്ച മണ്ണും
'ഉറവ ' കാണാൻ കൊതിച്ച സ്നേഹവും
കാലയവനികക്കുള്ളിൽ മറഞ്ഞപ്പോൾ
ചങ്കു പൊട്ടിയൊരാത്മാവ് എവിടെ നിന്നോ
'അമ്മേ' എന്നു വിളിച്ചു .
പൊള്ളുന്ന മരുഭൂമിയിൽ നിന്നും
നന്മയുടെ കരങ്ങൾ ആ ആത്മാവിലേയ്ക്ക്
ഒരിറ്റ് തെളിനീർ പകർന്നു
അത്.. വറ്റാതിരുന്നെങ്കിൽ.......!

- റീജ ശ്രീധരൻ

No comments:

Post a Comment