Wednesday 5 July 2017

പാറുക്കുട്ടി

നിശബ്ദതയിൽ.. ., കോലാഹലങ്ങളും കുതൂഹലങ്ങളും നിറഞ്ഞ ബാല്യത്തിലേയ്ക്ക് എത്തി നോക്കിയപ്പോൾ.... അവിടെ തടിച്ച് പല്ലുകളുന്തി, അല്പം കുനിഞ്ഞ പ്രകൃതമുള്ള ആ രൂപം പ്രത്യക്ഷപ്പെട്ടു.....  പാറുക്കുട്ടി...
ചിന്തകളുടെ ചിതയിലെപ്പോഴോ കത്തിയെരിഞ്ഞു പോയ രൂപം....
എല്ലാവർക്കും അവളെ ഭയമായിരുന്നു.. എൽ .പി സ്ക്കൂളിന്റെ ജനലരികിലും.. പ്രേതമുള്ള വീടിന്റെ മതിലരികിലും സ്ക്കൂളിലെ കഞ്ഞിപ്പുരയുടെ അരികിലും അവളെ കാണുമായിരുന്നു.... പാറുക്കുട്ടീ എന്നു വിളിച്ച് കുട്ടികൾ അവളെ കല്ലെറിഞ്ഞ് ഓടാറുണ്ടായിരുന്നു.... അവൾക്ക് ഭ്രാന്തുണ്ടായിരുന്നുവത്രെ...... സ്ക്കൂളിന്റെ ജനലരികിൽ എനിക്കുമവൾക്കും അകലം കുറഞ്ഞു വന്നിരുന്നു... എന്റെ ചോറ്റുപാത്രത്തിന്റെ മൂടിയിൽ അവൾക്കൊരു പിടിച്ചോറ്.... ഇരുപതോ അതിലധികമോ പ്രായം കാണും... പക്ഷെ  ഞാനും അവളെ പാറുക്കുട്ടി എന്നു വിളിച്ചു...
പ്രേതമുണ്ടെന്ന് ഏവരും വിശ്വസിക്കുന്ന അടച്ചിട്ട വീട്ടിൽ നിന്നും പാറുക്കുട്ടി നെല്ലിക്ക പെറുക്കിത്തിന്നുമായിരുന്നു... അവളുടെ ധൈര്യം കണ്ട് എനിക്ക് അവരോട് പലപ്പോഴും ആരാധന തോന്നിപ്പോയി....
ഒരിക്കൽ അവളെനിക്കും നെല്ലിക്ക തന്നിരുന്നു..പക്ഷെ ഞാനതു കഴിച്ചില്ല.. അവരുടെ ദുർഗന്ധമുളള ഇറക്കമില്ലാത്ത പാവാടയിൽ കണ്ട ചോരപ്പാടുകൾ എനിക്കന്ന് അജ്ഞമായിരുന്നു. വാവടുത്താൽ പാറുക്കുട്ടിയെ ചങ്ങലക്കിട്ടിരുന്നുവത്രെ..... അച ഛനുമമ്മയും ഒരു ജേഷ്ഠനുമുണ്ടെന്ന് അവളുടെ വീടിനടുത്തുള്ള മുംതാസ് എന്ന എന്റെ സഹപാഠി പറഞ്ഞറിഞ്ഞു.
ആയിടെ എന്റെ സുഹൃത്തുക്കളാരൊക്കെയോ ചേച്ചിയോട് എന്റെ പാറുക്കുട്ടി സൗഹൃദം പറഞ്ഞു കൊടുത്തു... ഉച്ചയ്ക്ക് മുഴുവൻ ഭക്ഷണവും കഴിക്കുന്നു എന്ന പ്രശംസ അമ്മയിൽ നിന്ന് കേട്ടിരുന്ന കാലമായിരുന്നു അത്. അങ്ങനെ ആ ധാരണക്കൊരു തീരുമാനമായി. വിചാരണയിൽ ഞാൻ കുറ്റക്കാരിയാണെന്നു തെളിയിക്കപ്പെട്ടു... എന്റെ സുഹൃത്തുക്കളുൾപ്പടെ ദൃക്സാക്ഷികളും രംഗത്തെത്തി.... വീട്ടുകാരുടെ ചീത്ത വയറു നിറയെ കേട്ടു സംതൃപ്തിയടഞ്ഞു... ചേച്ചി കണ്ണുരുട്ടി ചോദിച്ചു... "നിനക്കൊരു പേടിയുമില്ലെ ഉണ്ണി? "
എനിക്കെന്തു പേടി!!
പേടിക്കാനെന്തിരിക്കുന്നു!! "ഭ്രാന്തിപ്പെണ്ണാ.. വല്ലതും വെച്ച് ഉപദ്രവിച്ചാലൊ" അമ്മയുടെയും അച്ഛമ്മയുടെയും പേടി...
ഇനി ഭ്രാന്തന്മാർക്ക് ചോറു കൊടുക്കാനായി സ്ക്കൂളിൽ പോണ്ട... ഒടുവിലത്തെ താക്കീത്.... ആ നിസ്സഹായാവസ്ഥ ഏറെ വേദനിപ്പിച്ചു. അച്ഛനുണ്ടായിരുന്നെങ്കിൽ ഈ വക കുരുത്തക്കേടുകൾക്ക് കൂട്ടുനിൽക്കുമായിരുന്നു എന്നൊരു തോന്നൽ...... മുറിവേറ്റ മനസ്സിന് അല്പം ആശ്വാസം കിട്ടിയത് പിന്നീട് മുത്തശ്ശന്റെ ഉപദേശം കേട്ടപ്പോഴായിരുന്നു.....
അങ്ങനെ ഒരു കൂട്ടം രക്ഷാപ്രവർത്തകർ ചുറ്റിലും.... എന്റെ കൂട്ടുകാരുടെ നീരീക്ഷണത്തിലായ കാലം...
പാറുക്കുട്ടിയെ കാണണമെന്ന് തോന്നിയിരുന്നു.....
പക്ഷെ നാട്ടുകാരുടെയും സ്ക്കൂൾ അധികൃതരുടെയും നിർദ്ദേശപ്രകാരം പാറുക്കുട്ടിയെ പിന്നെ വീട്ടിൽ അടച്ചിടുകയായിരുന്നു.... എന്തിനാണവളെ അടച്ചിടുന്നത്.... അത്ര ഭ്രാന്തൊന്നും ഞാൻ അവളിൽ കണ്ടിരുന്നില്ല. കുഞ്ഞു മനസ്സിൽ എന്തൊക്കെയോ കഠിനമായ ചിന്തകൾ എരിഞ്ഞടങ്ങി. പിന്നെപ്പിന്നെ എപ്പോഴോ ആ രൂപം ചിന്തകളിൽ നിന്ന് മാഞ്ഞു പോയി.
ഈയിടെ വീണ്ടും അവളെപ്പറ്റി ഒരു വേള ഓർത്തു പോയി.അങ്ങനെയിരിക്കെയാണ് മുംതാസിനെ കണ്ടത്.പാറുക്കുട്ടിയെപ്പറ്റി അന്വേഷിച്ചപ്പോൾ അവൾ പറഞ്ഞു;" ചികിത്സക്കായി പലയിടത്തും കൊണ്ടുപോയിരുന്നു. അച്ഛനുമമ്മയും മരിച്ചപ്പോൾ ഏട്ടനും ഏടത്തിയമ്മയ്ക്കും അവളെ ഒട്ടും ശ്രദ്ധയില്ലാതായി... പിന്നെ ഒരു പനി വന്ന് ... അതങ്ങനെ പോയി "...
അവൾ പറഞ്ഞ വാക്കുകൾ മനസ്സിലെവിടെയോ ഒരു മുറിവിൽ കൊളുത്തി വലിച്ചു... " അതങ്ങനെ പോയി "പോലും. അവൾ വീണ്ടും പലതും സംസാരിച്ചു.... ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞു.... അപ്പോഴും പാറുക്കുട്ടിയുടെ വികൃതമായ ചിരിയും നീട്ടിയ നെല്ലിക്കയും, ചവർപ്പും മധുരവും സമ്മാനിച്ച ഓർമകളും പാൽ പോലെ പരിശുദ്ധമായ സ്നേഹത്തിന്റെ മറവിലെവിടെയോ.. ചിറകടിച്ചു പറന്നു....
പ്രിയപ്പെട്ട പാറുക്കുട്ടീ.. നീ ഇന്നും എന്റെ മനസ്സിൽ ജീവിക്കുന്നു..... ഓർമകളുടെ വേലിയിറക്കങ്ങളിൽ.....

- റീജ ശ്രീധരൻ