Thursday 28 March 2019

വിട

ഇന്നലെ പെയ്ത മഴ
തോരാത്ത ഓർമകളുമായി ഇറയത്തടക്കം പറഞ്ഞിരിക്കയാണ്
മുള പൊട്ടിയ വിത്തുകൾ
ഉയർന്നു പൊങ്ങിയ തൈ ചെടികൾ
പടർന്നു പന്തലിച്ചവൻ വൃക്ഷങ്ങൾ
അവയ്ക്കെല്ലാം മഴ ഒരു പോലെ നിറവേകിയിരുന്നു
പൂന്തോപ്പിൽ പൊഴിഞ്ഞു വീണൊരാ സുമത്തിന്റെ മൃദുല ഗന്ധം
പ്രകൃതിയിൽ തളം കെട്ടി നിന്നു
പ്രകൃതിയുടെ വികൃതിയാൽ പൊഴിഞ്ഞു വീണീടിലും അവ അനശ്വരമായ ഓർമകൾ കുറിച്ചു വച്ചിരുന്നു ....... ഒരു ചെറു സാന്ത്വനമായ്, പരിഭവങ്ങളായ്, വിജയഗീതികളായ്.. അങ്ങനെയങ്ങനെ...
മഴ വീണ്ടുമൊരാരവം തീർക്കവേ
പുഷ്പവാടിയിൽ  ആ മലർ ഗന്ധം അണയാത്ത പുഞ്ചിരിയുമായ് അന്തരീക്ഷത്തിലേയ്ക്ക് ഉയർന്നു പൊങ്ങി
പുതിയ പൂക്കാലങ്ങൾ തേടി
വിട.....

Wednesday 27 March 2019

തോന്നലുകൾ

ആഗ്രഹങ്ങൾ വലുതായപ്പോൾ
ഞാൻ ചെറുതായതു പോലെ തോന്നി.
വെറും തോന്നലായിരിക്കണം!
ഇനി എനിക്കൊന്നു വലുതാകണമെങ്കിൽ
ആഗ്രഹങ്ങൾ ചെറുതാകേണ്ടതുണ്ട്!.

Tuesday 26 March 2019

സ്നേഹ സമ്മാനം

സുന്ദര മനോജ്ഞ കാവ്യമല്ലിതെങ്കിലും സുഹൃത്തെ,
നിനക്കായ് ഞാൻ തരുന്നിതാ സ്നേഹ സമ്മാനം
ഇരുളിലൂടൊഴുകിയെത്തിയ ഒരു തരി വെളിച്ചം
എന്നിലുറഞ്ഞു പോയ ഇരു വാക്കുകൾ
സ്നേഹം
സ്നേഹിച്ചു ഞാനമ്മയെ, അച്ഛനെ
എനിക്കഭയമേകിയ എൻ ജന്മഗൃഹത്തെ
മുത്തശ്ശനെ, കഥകൾ ചൊല്ലിയ മുത്തശ്ശിയെ
സോദരിയെ ,അറിവേകിയ ഗുരുനാഥനെ
സ്നേഹിച്ചു ഞാൻ പലപ്പോഴും നിന്നെയും
എന്നെ പുണർന്ന നിശ തൻ നീലവാനങ്ങളിൽ
അനന്തമാം പ്രകൃതി തൻ സുന്ദര മിഴികളിൽ
ഞാൻ തോർന്നു തീരാത്ത മഴയായ് ഹസിക്കെ
എൻ മനതാരിൽ തീർത്ത സ്നേഹ ഹാരങ്ങളിൽ
കോർത്തെടുത്തു ഞാൻ നിന്നെയും സുഹൃത്തെ
അറിവായ്, സാന്ത്വനമായ്, കുളിർ കാറ്റായ്
സൗഹൃദത്തിൻ വിഭവങ്ങൾ നൽകി നീ
എൻ മനതാരിൽ മായാത്ത വർണമായ്
എൻ കല്ലോല വീണയിൽ തീരാത്ത ഗാനമായ്
സൗഹൃദച്ചെപ്പിലെ വാടാത്ത മലരായി
എൻ തൂലികത്തുമ്പിലും കവിതയായ് വന്നു നീ

- റീജ ശ്രീധരൻ

ഭ്രാന്തി

ഭ്രാന്തി
ഓർമയിൽ നട്ട വിത്തുകൾ മുളയ്ക്കുമ്പോൾ
അവൾ ഓർമകളെ
തേടുകയായിരുന്നു.
പുതിയ ചിത്രങ്ങൾ ചില്ലിട്ടുവയ്ക്കുമ്പോൾ
ഓർമ മങ്ങിയ ചിത്രത്തിൻ പൊടിതട്ടുകയായിരുന്നു
ബാല്യം വിടർന്ന് ചിരി തൂകും മുൻപെ
ബാലവേലക്കിറങ്ങുകയായിരുന്നു
പിച്ചച്ചട്ടിയിൽ നാണയം വീഴുമ്പോൾ
നെഞ്ചിൽ നെരിപ്പോടെരിയുകയായിരുന്നു
വസന്തകാലത്തിൽ നിശാന്തത പരക്കുമ്പോൾ
ബാല്യത്തോടു വിട ചൊല്ലുമ്പോൾ
കരകാണാതെ ജീവിതം താളം പിഴയ്ക്കുമ്പോൾ
ക്രൂരരാം കഴുകന്മാർ കൊത്തിവലിക്കുകയായിരുന്നു.
കപടരുടെ കാപഠ്യം പകലറിയുമ്പോൾ
ഇരുൾ അവളുടെ കളിത്തോഴിയായിരുന്നു
നിയമവേദിയിൽ പൊരുളഴിയുമ്പോൾ
നിയമ പാലകർ ഉച്ചരിക്കുന്നു -
'ഇവൾ ഒരു മാനസിക രോഗിയാണ് '!
ഏവരും അതേറ്റു പറഞ്ഞു
ഇവൾ 'ഭ്രാന്തി 'യാണ്..ഇവൾ 'ഭ്രാന്തി'യാണ്
പാവം ഭ്രാന്തികൾ നിദ്ര കൊള്ളുന്നു
പാവനമാം ഭ്രാന്താലയത്തിൻമണ്ണിൽ.
അറിയുക നാളേയ്ക്കു വേണ്ടി
അണയുന്ന ദീപങ്ങൾ സാക്ഷി.
- റീജ ശ്രീധരൻ

Sunday 24 March 2019

സുഖനിദ്ര

രാത്രി കിടക്കും നേരം
വെറുതെയൊരു നേരമ്പോക്കിന് അവൾ പറഞ്ഞു തുടങ്ങി
കഥയല്ലിത് ജീവിതത്തിലെ കദന കഥ.
ഉറച്ചപ്പിച്ചിൽ അയാൾ പറഞ്ഞു
ഇനിയും പറഞ്ഞാൽ നാളെ
നമ്മുടെ കഥ അതിൽ വരുമോ എന്തോ?!
കൺകളിൽ നീർച്ചാൽ പൊടിഞ്ഞവൾ
തിരിഞ്ഞു കിടക്കവേ
ആ സ്നേഹകരങ്ങൾ അവളെ പുണർന്നു കൊണ്ട് പതിയെ മന്ത്രിച്ചു
അല്ലെങ്കിലും ഏത് കഥകൾക്കാണ് ജീവിതത്തിലെ കഥയില്ലായ്മകളെ മാറ്റാനാവുക
രാത്രിയുടെ കൂരിരുളിൽ
തിരിച്ചറിവിന്റെ പ്രകാശം വീഴുന്നേരം അവർ വീണ്ടും ഒരു സുഖനിദ്രയിലേക്കൂർന്നു വീണു.
റീജ ശ്രീധരൻ

Saturday 23 March 2019

ദത്തെടുക്കൽ

ആമ്പൽ പൂ വിൽക്കുന്ന പെൺകുട്ടി കൊതിച്ചു കാണും
ഒരാങ്ങള വേണമെന്ന്
" പെങ്ങളും " ഒരു രാഖിച്ചരടിനാൽ സോദരനെ സ്വന്തമാക്കി.
കോതമ്പുമണികളിലെ പെൺകിടാവിന്
സഹോദരൻ അനിവാര്യമായിരുന്നു.
അവൾ കാത്തിരിക്കയാണിപ്പൊഴും
കുതിരപ്പുറത്ത് കുതിച്ചെത്തുമാ രക്ഷകനെ..
എന്റെയുള്ളിലും ഏറെ നാളായുള്ളൊരാശയാണത്..
അങ്ങനെയിരിക്കെയാണ്
അദ്ദേഹമെന്നെ കുഞ്ഞനുജത്തിയായി
ദത്തെടുത്തത്....
തിരിച്ചുനൽകുവാൻ സ്നേഹം മാത്രം
പാൽ പോലെ  പരിശുദ്ധമാണത്.         

    - റീജ ശ്രീധരൻ

ഉറവ തേടി

ജീവിയ്ക്കുവാനായി കാടുകളിലൂടെ അലഞ്ഞു
ജീവിതം മെച്ചപ്പെടുത്തുവാനായി നാടുകൾ പണിതു
വാക്കുകൾക്കു നിറം പകരാനായി
നാട്ടിൻ പുറങ്ങളിലൂടെ നടന്നു
നാടുകൾക്കു പുരോഗമനമേകാൻ
നഗരങ്ങളിലേയ്ക്ക് പാലായനം ചെയ്തു
ജീവിയ്ക്കാൻ പഠിപ്പിച്ച കാടും
ജീവനാധാരമായ നാടും മറന്നപ്പോൾ
വളർന്നു വന്ന നഗരങ്ങൾ
നാണയം നേടാൻ പഠിപ്പിച്ചു..
പിന്നീട്‌ നാണയങ്ങളാണ് ജീവനു വില പറഞ്ഞത്‌.
പ്രാണനും, പ്രണയത്തിനും വിലപേശുമ്പോൾ
തളർന്ന വേരുകൾ, ശോഷിച്ച ചില്ലകളിലെ
പാകമാകാത്ത പഴങ്ങളെ നോക്കി
നെടുവീർപ്പിട്ടു
കളഞ്ഞു പോയ കാടിനൊപ്പം മാതൃത്വം പടിയിറങ്ങി
മറന്നു പോയ നാടിനൊപ്പം പിതൃത്വമകന്നു പോയി.
പടിയിറങ്ങിയ മാതാവും അകന്നുപോയ പിതാവും
എവിടെ മറഞ്ഞുവോ.. എന്തോ?
അന്വേഷിക്കാൻ സമയമില്ലാതായപ്പോൾ ജീവന്റെ വിലയിടിഞ്ഞു.
നഷ്ടമായവയെപ്പറ്റി പത്രങ്ങളിൽ പരസ്യം കണ്ടു
അത് 'ക്രയവിക്രയ ' രേഖകൾക്കു മാത്രമാണത്രെ
കാട്ടിൽ നിന്നും പറന്നകന്ന കിളികളെപ്പറ്റി
നാടുകളിൽ നിന്നപ്രത്യക്ഷമായ നന്മകൾക്കായി
ഇനിയെവിടെ പരസ്യം കൊടുക്കണം
അറിവുകളുടെ ഒടുക്കവും അറിവില്ലായ്മയുടെ തുടക്കവും
എവിടെ നിന്നായിരുന്നു ?
തിരുത്തുവാൻ ശ്രമിച്ചവരെ ജയിലിലാക്കിയത്രെ
വാദിച്ചവരുടെ നാക്ക് പിഴുതെടുത്തുവത്രെ
പടപൊരുതിയവന്റെ കൈകൾക്ക്
വിലങ്ങ് വച്ചുവത്രെ
തൂലിയയെടുത്തവരെ പൂട്ടിയിട്ടു പോലും
തളർന്നും തകർത്തും കളഞ്ഞ ജീവിതയാരാമങ്ങളിൽ
ചിന്താധാരകൾ തടയാനാർക്കു സാധിക്കും!
ഒടുവിൽ ഗോഥോയും വന്നുവത്രെ
അതിൽ പിന്നെ ജീവന്റെ വിത്ത് മുളച്ചില്ലപോലും
മറഞ്ഞു പോയ പുഴയും അണഞ്ഞുപോയ കാടും
പിരിഞ്ഞു പോയ തണലും
പിടഞ്ഞു മരിച്ച മണ്ണും
'ഉറവ ' കാണാൻ കൊതിച്ച സ്നേഹവും
കാലയവനികക്കുള്ളിൽ മറഞ്ഞപ്പോൾ
ചങ്കു പൊട്ടിയൊരാത്മാവ് എവിടെ നിന്നോ
'അമ്മേ' എന്നു വിളിച്ചു .
പൊള്ളുന്ന മരുഭൂമിയിൽ നിന്നും
നന്മയുടെ കരങ്ങൾ ആ ആത്മാവിലേയ്ക്ക്
ഒരിറ്റ് തെളിനീർ പകർന്നു
അത്.. വറ്റാതിരുന്നെങ്കിൽ.......!

- റീജ ശ്രീധരൻ

Friday 22 March 2019

ജീവിതയാത്ര

ഒഴുകുന്ന സാഗരമാണു ജീവിതം
തളരാതൊഴുകുക ഉണർന്നിരിക്കുക
ചിരിക്കുന്ന തിരകളാണിരുപുറവും
ആഴിയിലേക്കെടുത്തെറിഞ്ഞും
കരയിലേക്കാർത്തിരമ്പിയുമതു രസിക്കവേ..
തുഴ തിരഞ്ഞും തുഴഞ്ഞു കയറിയും
പിടഞ്ഞെണീറ്റും കരയടുക്കവേ
ചുവടുറക്കാത്ത കുഞ്ഞിനെയെന്നപോൽ
അടിവച്ചടി വച്ച് യാത്രയാണിപ്പൊഴും
അങ്ങകലെ ഒരു കുഞ്ഞു താരകം തേടി..

- റീജ ശ്രീധരൻ

Thursday 21 March 2019

തൂലിക

ഞാൻ ഒരു പാവം തൂലിക
വരികളിലൂടെ മാത്രം എഴുതാൻ നിർബന്ധിതയായവൾ
വരിതെറ്റിയാൽ അടി കിട്ടും
വരികൾക്കിടയിലൂടെയും വിലക്ക്
വരകൾക്ക് മീതെയൊതുങ്ങിയ ജീവിതം
വരയില്ലാത്ത താളിൽ നിര തെറ്റൊരു തൊട്ടും
എന്നെയിങ്ങനെ വരച്ച വരയിൽ ഒതുക്കി നിർത്താമൊ
കഷ്ടം....
എനിക്ക് വരകളിൽ നിന്നും നിരകളിൽ നിന്നും ഒന്നിറങ്ങി നടക്കണം
ഒരു കവിയുടെ ഹൃദയതുടിപ്പുകൾ കുറിച്ചു വയ്ക്കുവാനാ.....!
 
- റീജ ശ്രീധരൻ

ആ കുളിർമഴ

എന്റെ ചിന്തകളുടെ
ചിതാഗ്നിയെ
ശമിപ്പിക്കുവാൻ വന്നത്
ആ കുളിർ മഴയായിരുന്നു
ആളിക്കത്തുന്ന ജ്വാലയിൽ
വരണ്ടുണങ്ങാതെ
പതിയെപ്പതിയെ അഗ്നിയെ
ആലിംഗനത്താൽ വീർപ്പുമുട്ടിച്ച്
ചിണുങ്ങിക്കരഞ്ഞ്
മധുര വാക്കുകൾ പൊഴിക്കാതെ
കോലാഹലങ്ങൾ സൃഷ്ടിക്കാതെ
ഓരോ തുള്ളികളാൽ എരിഞ്ഞടങ്ങി
പെയ്തൊഴിയാതങ്ങനെ......
കുളിർ കാറ്റിലൂടെ
ഹൃദയ നൊമ്പരങ്ങൾ പങ്കുവെക്കവേ
ഞാനറിഞ്ഞു
പ്രണയത്തിന്റെ വിത്തിന്
നാമ്പുകൾ കിളിർക്കുന്നുണ്ടെന്ന്!
    
  - റീജ ശ്രീധരൻ