Tuesday 19 April 2016

ഇന്നത്തെ മറക്കാനാവാത്ത അനുഭവം              March 14
ഇന്ന് കഥാരചനയായിരുന്നു. വെറുതെ ഒന്ന് പങ്കെടുത്തു. കുറച്ച് കഥയില്ലായ്മകളും എഴുതിവച്ചു. ഒന്നും  കിട്ടുമായിരിക്കില്ല.പക്ഷെ മറക്കാനാവാത്ത ഒരനുഭം ഇന്നു ലഭിച്ചു. പ്രോഗ്രാം തുടങ്ങാൻ വൈകിയതുകൊണ്ടാകാം 5.30നാണ് അവസാനിച്ചത്. ഞാനും ഗ്രീഷ്മയും ഓടി ബസ്സ് സ്റ്റോപ്പിലെത്തി. 6.30 യ്ക്ക് ഒറ്റപ്പാലം എത്തണമെന്നായിരുന്നു ലക്ഷ്യം. കാരണം എന്റെ നാട്ടിലേയ്ക്കുള്ള അവസാന ബസ്സ് 6.30നാണ്. ഞങ്ങൾ ടൗൺസ്റ്റാന്റിലേയ്ക്ക് കയറിയ ബസ്സ് അല്പം വളഞ്ഞ വഴിയിലൂടെ സഞ്ചരിച്ച് വൈകി സ്റ്റാന്റിലെത്തി. വേഗം ഒറ്റപ്പാലത്തേയ്ക്കുള്ള ബസ്സിൽ കയറി. അത് എത്ര മണിയ്ക്ക് ഒറ്റപ്പാലത്തെത്തുമെന്ന് ചോദിച്ചു. ഒരു മണിക്കൂർ വേണമത്രെ .അപ്പോൾ സമയം 5.45pm. 6.45 ന് എത്തിയിട്ട് എന്തു ചെയ്യും? മാമന് വിളിച്ചു നോക്കി. തന്നെയൊന്ന് വന്ന് കൊണ്ടു പോകാൻ. എടുക്കു ന്നില്ല.
കുറച്ചു കഴിഞ്ഞ് വിളിച്ചപ്പോൾ പറഞ്ഞു ആശുപത്രിയിലാണ് ആരെയോ എമർജൻസിയായി ഹോസ്പിറ്റലിൽ എത്തിച്ചിരിക്കയാണ്. കുറച്ചു കഴിഞ്ഞേ വരാൻ പറ്റു.സ്റ്റാന്റിൽ കുറച്ചു നേരം കാത്തു നിൽക്കണം.ഒറ്റക്കു നിൽക്കാൻ ഭ യമുണ്ട്. ഓട്ടോ വിളിച്ച് തനിച്ചു പോവാൻ അതിലുംഭയം. ഭേദം സ്റ്റാന്റിൽ കാത്തു നിൽക്കലാണെന്നു തോന്നി. ഒറ്റപ്പാലത്ത് ബസ്സിറങ്ങിയപ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു... ഒപ്പം അമ്മയുടെ സമാധാനമില്ലാത്ത ഫോൺ വിളിയും... ആദ്യം അമ്മയെ സമാധാനിപ്പിച്ചു... ഇപ്പൊ വരാം.. ബസ്സ് സ്റ്റാന്റിലെ വലിയ രണ്ടു തൂണുകളിൽ ആദ്യത്തേതിന്റെ ചുവട്ടിൽ നിന്നു. ഇരുട്ടിയതുകൊണ്ട് ചെറിയൊരു ഭയം.. മാത്രമല്ല പകൽ വെളിച്ചത്തിലെ ഒറ്റപ്പാലമല്ല രാത്രി എന്നും മനസ്സിലായി... ഓരോ ബസ്സു വരുമ്പോഴും മാമനെ പ്രതീക്ഷിച്ചു.. കാണുന്നില്ല... വിളിച്ചുനോക്കി.. എന്റെ പരിഭ്രമം കണ്ടിട്ടാവണം ദാ ... വന്നു എന്നു പറഞ്ഞു.. പക്ഷെ കാണുന്നില്ല. ആ വലിയ തൂണിൽ ചാരിനിന്നു... എന്നിൽ നിന്ന് കിട്ടിയ സ്നേഹവും ബഹുമാനവും മുമ്പൊരിക്കലും ആരിൽ നിന്നും ആ തൂണിന് ലഭിച്ചിട്ടുണ്ടാവില്ല. ഏതോ ഒരു സ്ത്രീ സ്റ്റാന്റിന്റെ മറുവശത്ത് നിൽക്കുന്നു. അവരുടെ അടുത്ത് പോയി നിൽക്കണോ എന്നാലോചിച്ചു. പക്ഷെ കാല് അനക്കാൻ പറ്റുന്നില്ല. വെള്ളം ബോട്ടിലൊന്നു തപ്പിനോക്കി... ഇല്ല വെള്ളം 4.30 യ്ക്ക് മുഴുവൻ കുടിച്ചു തീർത്ത താണ്.. പതിയെ പുറകിൽ നിന്നൊരു വിളി കേട്ടു..
മോളെന്താ വൈകിയത്?
തിരിഞ്ഞു നോക്കിയപ്പോൾ പരിചിതമായ മുഖം.കോട്ടക്കൽ ആര്യവൈദ്യശാലയിൽ മരുന്നെടുത്തു കൊടുക്കുന്ന വ്യക്തിയാണ്... എപ്പോഴും ചിരിച്ചു കൊണ്ട് പ്രസന്നമായ മുഖത്തോടെ മരുന്നെടുത്തു തരാറുണ്ട്. കാര്യങ്ങൾ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കി.. ഇത്രയും പ്രായമായ തുകൊണ്ട് കരയുന്നത് അഭിമാനക്ഷത മറ്റു മല്ലോ എന്നോർത്ത് പിടിച്ചു നിന്നു. അദ്ദേഹം പറഞ്ഞു "ഞാനിനി ഏതായാലും കുട്ടിയെ പറഞ്ഞയച്ചെ വീട്ടിൽ പോവുന്നുള്ളു.. എന്റെ മകളെപ്പോലെ ഒരു കുട്ടിയല്ലേ "
എനിക്കങ്ങനെ അല്പം ആശ്വാസമായി.
ഇപ്പോൾ കാലുകൾ ചലിപ്പിക്കാം. നമുക്കാവശത്തേയ്ക്കു നിൽക്കാം എന്നദ്ദേഹം പറഞ്ഞു. അവിടെ കുറച്ചു കൂടി സേഫ് ആണ്. എന്തേ ഇവിടെ നിന്നതെന്നു ചോദിച്ചു...
നേരത്തെ ഞാൻ ചിന്തിച്ചതാണ് അങ്ങോട്ടു നിൽക്കാൻ പക്ഷെ ഭയം ചലനശേഷിയാണ് നഷ്ടപ്പെടുത്തിയത്.ആരോടും സഹായം ആവശ്യപ്പെടാത്ത ഞാൻ കുറച്ചു നേരത്തെ സൗഹൃദത്താൽ ആ മനുഷ്യനോട് അല്പം വെള്ളമുണ്ടോ കുടിക്കാൻ എന്നു ചോദിച്ചു. അദ്ദേഹമെനിക്ക് ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം വാങ്ങിത്തന്നു. ഒറ്റ വലിക്കു ഞാനതു കുടിച്ചു തീർത്തു. ദിവസങ്ങളായി വെള്ളം കുടിക്കാത്തതു പോലെ....
അപ്പോഴേയ്ക്കും മാമ വന്നു. ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു.. നമ്മുടെ ജീവിതത്തിൽ ദൈവം പ്രത്യക്ഷപ്പെടുന്നത് ഓരോ മനുഷ്യരിലുമാണ് എന്ന സത്യം ഞാനിന്ന് തിരിച്ചറിഞ്ഞു.
ഒന്നാലോചിച്ചു നോക്കൂ നിരാലംബരായ പെൺകുട്ടികൾ... അവർ.. ജീവിതത്തെ എപ്പോഴും ഭയപ്പെടുന്നുണ്ടായിരിക്കാം..
അവർക്കു വേണ്ടിയാണ് ശ്രീ ഒ ..എൻ.വി കുറുപ്പ് " കോതമ്പുമണികൾ " എഴുതിയത്... '' പെങ്ങൾ''.. എന്ന കവിത എഴുതിയത്.... അച്ഛനും സഹോദരന്മാരുമില്ലാത്ത ഞാനുൾപ്പെടുന്ന നമ്മുടെ സഹോദരിമാരുടെ മുന്നിൽ എന്നും ഇതുപോലുള്ള ദൈവദൂതന്മാർ പ്രത്യക്ഷപ്പെടട്ടെ എന്നാശിക്കുന്നു.... നല്ല നാളെകൾ ഉണ്ടാകട്ടെ.... പ്രാർത്ഥനയോടെ
                                               ......റീജ ശ്രീധരൻ

No comments:

Post a Comment