Sunday, 28 April 2019

വേരുകൾ

വേരുകൾ

നമ്മൾ വേരുകൾ പോലെയാവണം
ഇഴയടുക്കത്തോടെ ഒരുമിച്ച്
കൈകൾ കോർത്തു പിടിച്ച്
പുതുനാമ്പുകൾക്ക് ജീവരസങ്ങൾ തേടി
അലഞ്ഞലഞ്ഞ്
ഒടുവിൽ  തളരുമ്പോഴും
തെളിനീരുറവകൾ സ്വപ്നം കണ്ട്
ജീവാത്മാവും പരമാത്മാവും
താൻ തന്നെയെന്നു ബോധ്യപ്പെടുത്തി
ആഴങ്ങളിലും അകലങ്ങളിലും ഒരുമയോടെ.....
അതെ
നമ്മളങ്ങനെ വേരുകളായി തീരണം

- റീജ ശ്രീധരൻ

Saturday, 27 April 2019

പ്രബോധനം

കൊച്ചു കൊച്ചു മോഹങ്ങൻ തൻ കൂട്ടിൽ
ഒച്ച വയ്ക്കുന്ന സ്വപ്നങ്ങൾ മന്ത്രിച്ചു
കാത്തിരിക്കാം നാളെയാകും വരെ
പോക്കുവെയിൽ മാഞ്ഞു പോകും വരെ
നാളുകളിലെത്ര നാളെകൾ ബാക്കിയായ്
ഓർമതൻ താളിൽ മായാതെ നിൽക്കയായ്
കാലമേതോ വഴിയരികിൽ തങ്ങി
കാറ്റിലൂടെ സ്വകാര്യങ്ങളോതി
ആ ജല്പനങ്ങളെൻ സിരകളിൽ
ഉഷ്ണ രക്തം വഹിച്ചുകൊണ്ടോടി
മോഹമല്ലത്, സ്വപ്നവുമല്ലത്, തേങ്ങലോ -അല്ല,
ജീവിതമെന്നിലർപ്പിച്ച ലക്ഷ്യബോധ പ്രബോധനമാണത്.
ലക്ഷ്യമാദ്യം കുറിച്ചിട്ടതല്ല
മാർഗവും ഞാൻ തിരഞ്ഞെടുത്തില്ല
അനുഭവങ്ങൾ തൻ പാഠശാലക്കുളളിൽ
അഭിനേതാവായ് വേദി പങ്കിട്ടു ഞാൻ
കുഞ്ഞായ്, മകളായ്, സോദരിയായ്
ഭാര്യയായ്, അമ്മയായ്... അങ്ങനെയങ്ങനെ വേഷങ്ങൾ പലവിധം
അരങ്ങൊഴിയാൻ സമയമാകും വരെ
അണിയണം പുതു വേഷങ്ങളിനിയും
ഇത്തിരി പോന്ന ജീവിതം കൊണ്ട്
എത്തി നോക്കണം ഈ ഭൂലോകമൊക്കെയും
കാലമേ നന്ദി.. കാണാപ്പുറങ്ങളിൽ
നീയൊരുക്കിയ കർമവീര്യത്തിന്

Wednesday, 24 April 2019

വഴികൾ

പല വഴി
പൊതുവഴി
നടവഴി.. വെട്ടുവഴി
നാട്ടിൻ പുറങ്ങളിൽ നാട്ടുവഴി
വഴിയേതെന്നറിയാതെയായപ്പോൾ
പെരുവഴി
വഴിമുട്ടിയപ്പോൾ തുറന്നത്
പുതുവഴി
രക്ഷപ്പെടുവാനൊരു കുറുക്കുവഴി
എത്രയെത്ര വഴികൾ
അതിലൂടെയെത്ര യാത്രകൾ...
ജീവിതം വിചിത്രം തന്നെ!
കുഞ്ഞുനാളിൽ "വഴി "യടങ്ങുന്ന വാക്കു നിർമാണത്തിൽ
കിട്ടാതെ പോയ വാക്കുകളോരോന്നും
പഠിപ്പിച്ചു തന്ന കാലമേ നന്ദി
നിങ്ങളും മുട്ടുവിൻ
എണ്ണമറ്റ വഴികളുണ്ട് മുമ്പിൽ
ഉചിതമായവ തുറക്കാതിരിക്കില്ല....

- റീജ ശ്രീധരൻ

Monday, 22 April 2019

അളവുകോൽ

എന്നിൽ നിന്ന് നിന്നിലേയ്ക്കും
നിന്നിൽ നിന്ന് എന്നിലേയ്ക്കുമുള്ള അകലം
എന്നുമൊരാശങ്കയായിരുന്നു.
അങ്ങനെയാണ്
അനുഭവങ്ങൾ ചേർത്ത്
ഒരു അളവുകോൽ പണിയിച്ചത്
പണിയിച്ചതു മിച്ചം!
അളവുകോൽ നാണിച്ചു പോയി പോൽ
അകലമില്ലെന്നോ?
നമ്മൾ ഒന്നായിരുന്നത്രെ!!

- റീജ ശ്രീധരൻ

Thursday, 18 April 2019

കൈനീട്ടം

കുഞ്ഞുനാളിൽ അമ്മ കുഞ്ഞുകൈകളിൽ വച്ചു തന്ന കൈനീട്ടം
കുന്നോളം മോഹങ്ങൾ നെയ്തുകൂട്ടാൻ പോന്നവയായിരുന്നു..
തുടർന്ന് അടുക്കളയിലഷ്ടിയാവുമ്പോൾ
തിരികെയാ നാണയങ്ങൾ അമ്മയുടെ കൈകളിൽ വച്ചപ്പോൾ
അമ്മയുടെ കൺകളിൽ ഉറഞ്ഞുകൂടിയ കണ്ണുനീരും ആ കൈ നീട്ടവും പഠിപ്പിച്ചത്
ജീവിതത്തിന്റെ പച്ചപരമാർത്ഥങ്ങളെ പറ്റിയായിരുന്നു.

- റീജ ശ്രീധരൻ

തണൽ മരങ്ങൾ

പാതയോരത്ത് ഏകനായ് നിൽക്കും നേരം
ആരൊക്കെയോ അനുവാദമാരായാതെ തണൽ കടം വാങ്ങിച്ചു
അത് തിരികെ നൽകേണ്ടവയാണെന്ന് അവരാരുമോർത്തില്ല
കിളികൾ ചില്ലകളിൽ പ്രണയവല്ലരികൾ തീർന്നു
ചെറു ജീവികൾ ഫലങ്ങൾ ഭക്ഷിച്ച് വിശപ്പടക്കി
പ്രതിഫലേച്ഛയില്ലാതെ ഞാൻ കൃതാർത്ഥനായ് നിന്നു
പിന്നെയൊരുനാൾ കൂർത്ത കോടാലിയാൽ അവരെന്നെ വെട്ടിമുറിക്കുമ്പോൾ
നിശബ്ദം പ്രാണവേദനയാൽ പുളഞ്ഞു
പരിഭവങ്ങളില്ലാതെ പരാതികളില്ലാതെ... യാത്രയായി.
എങ്കിലുമാ വേദന ഇപ്പോഴും തണൽ തേടിയലയുകയാണത്രെ
- റീജ ശ്രീധരൻ

Saturday, 13 April 2019

വിശപ്പ്

വിശപ്പേ, നിന്നെയാണേറെ ഞാൻ പ്രണയിച്ചത്
എന്റെ എല്ലാ ശ്രമങ്ങളും നിനക്കു വേണ്ടിയായിരുന്നു
നിനക്കായി ഞാൻ വിശ്രമവേളകൾ മാറ്റി വച്ചിരുന്നു
നിനക്കു വേണ്ടി ഞാൻ ആസ്വാദ്യകരമായ വിഭവങ്ങൾ
സ്വപ്നം കണ്ടിരുന്നു
നിന്നെ ശമിപ്പിക്കുവാൻ ഞാനെന്നും നെട്ടോട്ടമോടിയിട്ടുണ്ട്
നിന്നെക്കുറിച്ചുള്ള ആധി, ആ അനുഭൂതി
ഒരു പിടി ചോറിനു മുമ്പിൽ നിർവൃതിയടയുന്ന നിന്റെയാ രുചി
അത് തീവ്രമായൊരു പ്രണയം തന്നെയാണ്
എന്റെ ആത്മാവിനെ തിരിച്ചറിഞ്ഞ പ്രണയം

- റീജ ശ്രീധരൻ

കവി ഹൃദയം

കവിഹൃദയം
വാക്കുകളങ്ങനെയുരുണ്ടു കൂടി 
കാർമേഘം കണക്കെ
അവയൊരു ചാറ്റൽ മഴയായ് പെയ്തൊഴിയവെ
ആ ദാഹ നീരിനാൽ പശിയടക്കി
ഒരു കവിഹൃദയം ...

- റീജ ശ്രീധരൻ

Thursday, 11 April 2019

ജീവിതഭാരം

വല്ലപ്പോഴുമൊന്ന് ഇറക്കി വയ്ക്കാം എന്നു കരുതിയാൽ പിന്നെയും വലിഞ്ഞുകയറി വന്നോളും വേതാളം പോലെ!
- റീജ ശ്രീധരൻ

കണ്ണുകൾ

ഞാൻ നിന്നെയും നീ എന്നെയും കാണാൻ കൊതിച്ച കണ്ണുകൾ
എന്റെ കാഴ്ചകൾ നിന്റെയും
നിന്റെ കാഴ്ചകൾ എന്റെയുമാക്കിയ കണ്ണുകൾ
നമ്മുടെ ആത്മാവിന്റെ ആഴങ്ങൾ ദർശിച്ച ഇരു നേത്രങ്ങൾ
അവ എത്ര മങ്ങിയാലും
നിന്റെ കണ്ണുകൾ ഈറനണിയുന്നത്
എനിക്കെന്റെ അകക്കണ്ണിനാൽ കാണാം
എന്നിട്ടുമെന്തിനാണ് നീയാ കണ്ണുനീർ തുള്ളികൾ
എന്നിൽ നിന്നും മറച്ചു വച്ചത്?

- റീജ ശ്രീധരൻ , ചുനങ്ങാട്

ഭയം

ആഗ്രഹങ്ങളോടൊപ്പം നീയെന്തിനാണ്
എന്റെ സ്വപ്നങ്ങളെയും കുഴിച്ചുമൂടിയത്?
അവയെ എന്നന്നേയ്ക്കുമായി അടക്കം ചെയ്തതാണൊ..!
അതോ
അവയിനി വീണ്ടും മുളപൊട്ടി പുറത്തു വന്നേക്കുമോ എന്നു ഭയന്നുവോ?

- റീജ ശ്രീധരൻ

Tuesday, 9 April 2019

വാശി

കുഞ്ഞുനാളിൽ വാശി പിടിച്ച്
കഷ്sപ്പെട്ടൊരു കരച്ചിലുണ്ടാക്കി
വാതിലിൻ മൂലയിൽ പോയിരിക്കാറുണ്ടായിരുന്നു.
കരച്ചിലിനിടയിലും ഒളികണ്ണിട്ട് നോക്കുമായിരുന്നു
അച്ഛനാണൊ, അമ്മയാണൊ വരുന്നതെന്ന്
എപ്പോഴും വന്നെടുക്കാനുള്ളത് അച്ഛനായിരുന്നു..
പിന്നെപ്പിന്നെ അച്ഛനോടൊപ്പം എന്റെ വാശിയുമങ്ങു യാത്രയായി
- റീജ ശ്രീധരൻ

വേരുകൾ


                                   വേരുകൾ

നമ്മൾ വേരുകൾ പോലെയാവണം
ഇഴയടുക്കത്തോടെ ഒരുമിച്ച്
കൈകൾ കോർത്തു പിടിച്ച്
പുതുനാമ്പുകൾക്ക് ജീവരസങ്ങൾ തേടി
അലഞ്ഞലഞ്ഞ്
ഒടുവിൽ  തളരുമ്പോഴും
തെളിനീരുറവകൾ സ്വപ്നം കണ്ട്
ജീവാത്മാവും പരമാത്മാവും
താൻ തന്നെയെന്നു ബോധ്യപ്പെടുത്തി
ആഴങ്ങളിലും അകലങ്ങളിലും ഒരുമയോടെ.....
അതെ
നമ്മളങ്ങനെ വേരുകളായി തീരണം
- റീജ ശ്രീധരൻ


Saturday, 6 April 2019

മുറിവ്


മനസ്സിനൊരു മുറിവു പറ്റി!
മനസ്സിനോ!!!
അന്വേഷിച്ചപ്പോഴാണറിഞ്ഞത് ..
ഏതോ വാക്കിന്റെ വക്കു കൊണ്ടതാണത്രേ
നല്ല മൂർച്ചയുണ്ടായിരുന്നിരിക്കണം!

റീജ ശ്രീധരൻ

മകനേ പൊറുക്കുക

കുഞ്ഞോമനേ നിൻ പുഞ്ചിരി
കുഞ്ഞു കുസൃതികൾ, പിഞ്ചിളം മേനി
അതിൻ നന്മ നുകരുവാനാകാത്തവരവർ
മനുഷ്യരോ
അല്ല പിശാചുക്കൾ... ജഡം തീനികൾ
ഞാനും ഒരമ്മ...
ആവുന്നില്ലെനിക്കു നിന്നെക്കുറിച്ച്
ഒരു വരി പോലുമിനി കുറിക്കുവാൻ
നമ്രശിരസ്സുമായ് നിൻ നിശ്ചല ദേഹം
നോക്കി വിതുമ്പുവാൻ വിധിച്ചവൾ...
മകനേ പൊറുക്കുക......മാപ്പ്.......
- റീജ ശ്രീധരൻ

Thursday, 4 April 2019

ബന്ധനങ്ങൾ

ബന്ധനങ്ങൾ
ഓർമകൾക്ക് കുറുകെ ഒരു പാലമിട്ട്
അയാൾ പറഞ്ഞു
അതിലൂടെ അയാളുടെ ഓർമകളിൽ നിന്നും
നടന്നകലാൻ
തിരികെ നോക്കാനാവാതെ നടന്നകലവേ
അയാൾ ഓർമകളുമായി
പുറകിൽ വരുന്നുണ്ടായിരുന്നു
- റീജ ശ്രീധരൻ

ജീവിതപാഠം

പഠിച്ചതെല്ലാം മറന്നു പോയിട്ടും
മറക്കാത്തതായൊന്നുള്ളത്
ഇന്നലെകൾ പഠിപ്പിച്ച
ജീവിത പാഠങ്ങൾ മാത്രമാണ്

Wednesday, 3 April 2019

അടുക്കള ലഹള

അടുക്കളയിലൊരു പരിഭവം
അമ്മായിയമ്മയും മരുമകളും അല്ല
കഞ്ഞിക്കലവും കൂട്ടാൻ കലവും തമ്മിലാണ്
എന്നെയേറെ നാളായെടുത്തിട്ടെന്ന് കഞ്ഞിക്കലം
എന്നെ വീട്ടുകാർ തിരിഞ്ഞു നോക്കാറെയില്ലെന്ന് കൂട്ടാൻ കലം
മറ്റുള്ള പാത്രങ്ങളും തട്ടീം മുട്ടീം കോലാഹലമായി
ലഹളമൂത്തപ്പോൾ ഉപ്പേരിച്ചട്ടി ഇടപെട്ടു
വഴക്കും പരിഭവവുമൊന്നും വേണ്ട
നമ്മളൊക്കെ ഇവിടെ അധികപ്പറ്റു തന്നെ!
ഫാസ്റ്റ്ഫുഡ്  വന്നതും
'സ് വിഗ്ഗി' വന്നതുമൊന്നും നിങ്ങളറിഞ്ഞു കാണില്ല....
കഷ്ടം തന്നെ
അകത്ത് ടിവിയിൽ നിന്നൊരു പരസ്യം കേൾക്കുന്നില്ലെ...
'സ്വിഗ്ഗ് ചെയ്യു പിന്നെ എന്തു വേണമെങ്കിലും ചെയ്യു' !
കാര്യമറിഞ്ഞ അടുക്കള നാണിച്ചു പോയി... പാവം..
- റീജ ശ്രീധരൻ

മരണം

പാഞ്ഞു പോയൊരു ലോറി
ഇടിച്ചിട്ടതൊരു സാധുവെ
ചോര ചിന്തി തെറിച്ചുവീണത്
നടുറോട്ടിൽ
പലരും അതുവഴി പോയി
ഒരുവന് കണ്ണുണ്ടായിരുന്നില്ല
മറ്റൊരുവന് കാതുണ്ടായിരുന്നില്ല
മൂന്നാമത്തെയാൾക്ക് മുഖവുമുണ്ടായിരുന്നില്ല
ആ സാധുവിന്റെ ആത്മാവ് പതിയെ മന്ത്രിച്ചു
മരണം..... വലിയൊരാശ്വാസം തന്നെ!
ഇനി യാത്രയില്ല
വേഗം പോയേക്കാം..

- റീജ ശ്രീധരൻ