Friday, 10 May 2019

ജീവിതയാത്ര

തെറ്റിയും തിരുത്തിയും
കണക്കുകൾ കൂട്ടിയും കുറച്ചും
നെട്ടോട്ടമോടിയും
ഇടയ്ക്കിടെയങ്ങനെ പശ്ചാത്തപിച്ചും
പാപങ്ങൾ പേറിയും
കുറ്റപ്പെടുത്തിയും
തന്നിലെ ശരികളിലേക്കെത്തിപ്പിടിക്കാൻ ശ്രമിച്ചും
ലക്ഷ്യത്തിലേക്കുള്ള യാത്ര

Monday, 6 May 2019

ഒരുമ

                       ഒരുമ

ഒന്നുമൊന്നും വലിയൊരൊന്നായതിൻ
പിന്നിലെ തത്ത്വചിന്തയെ
എങ്ങനെ രണ്ടാക്കുവാനാകും
അത്യപൂർവ്വമീ ചിന്താധാരയെ
വിഡ്ഡിത്തെമന്ന് വിളിക്കരുതാരും

- റീജ ശ്രീധരൻ

ഊണ്

ഊണിനിലയിട്ടിരുന്നതാണ്
ചോറും സാമ്പാറും പപ്പടമുപ്പേരി
പലവക, കാളൻ ഓലൻ
കൂട്ടുകറിയങ്ങനെ
തലക്കലറ്റത്ത് അച്ചാർ, പുളിയിഞ്ചി
മധുരമൂറും ശർക്കരയുപ്പേരി, പ്രഥമനും
ഇത്തിരി കൂടി കഴിക്കാമെന്ന് കരുതിയവന് മുമ്പിൽ
ചോറു തീർന്നു പോയി
ഉണ്ടു മടുത്തവന് മുമ്പിൽ
വിളമ്പ് നിർത്തുന്നുമില്ല
പ്രഥമനാശിച്ചവന് എരിവേറുമച്ചാർ
പഴം നുറുക്കു വേണ്ടവന് കയ്പക്കാത്തോരൻ
സംഭാരവും രസവും കിട്ടിയും കിട്ടാതെയും
ഓരം ചേർന്നങ്ങനെ...
ജീവിതമിങ്ങനെയാ
വേണ്ടത് കിട്ടിയതുമില്ല
വേണ്ടാത്തത് വേണ്ടുവോളവും
ഉണ്ണാനിരുന്നു പോയി
ഇല മടക്കിയെണീക്കും വരെയിനി ഇങ്ങനെ തന്നെ!

- റീജ ശ്രീധരൻ

Wednesday, 1 May 2019

കാരണങ്ങൾ

എന്റെ ചിന്തകൾക്ക് ചിത കൊളുത്തിയ
ചൂട്ടെനിക്ക് ചുട്ടെരിക്കണം

- റീജ ശ്രീധരൻ

വാക്കും നാക്കും

വാക്കുകൾ എത്ര തരം
മധുരിക്കുന്നവ, തേനൂറുന്നവ,
അത്യുഗ്രൻ പ്രഹര ശേഷിയുള്ളവ
വാൾത്തല പോലെ മൂർച്ചയുള്ളവ
മൃതിയടയുന്നവ
ബന്ധങ്ങൾക്ക് ജീവൻ പകരുന്നവ
സുഗന്ധമുള്ളവ, പറയാൻ ഭാവിക്കിലും
ശബ്ദമായ് പുറത്തു വരാത്തവ
പറഞ്ഞു തീർക്കാനാവാത്ത വിധം
പരന്നു കിടക്കയാണവ
തിരഞ്ഞെടുക്കാമേവർക്കും
കുറിച്ചു വയ്ക്കാം പലർക്കും
ശബ്ദമായ് ഒരുവനുനേരെ പ്രയോഗിക്കാൻ
നാക്ക് തന്നെ വേണം

- റീജ ശ്രീധരൻ

നിഴൽ

എനിക്ക് നീയും നിനക്ക് ഞാനും
മാത്രമെയുള്ളുവെന്ന്
നീയെന്നെ നിരന്തരം
പഠിപ്പിച്ചു കൊണ്ടിരുന്നു
പല നേരങ്ങളിൽ പല വലിപ്പത്തിൽ
നീയെന്റെ പ്രതിബിംബങ്ങൾ
എന്റെ ആത്മാവിലേയ്ക്ക്
പതിപ്പിച്ചു കൊണ്ടിരുന്നു
പല നിഴലുകൾക്കിടയിലും നിഴലായി
നീയെന്റെയെന്ന്
ഒരു വാക്കു പോലുമുരിയാടാതെ
മാർഗദർശിയായ് നീങ്ങി
ഒടുവിലാ നിദ്രയിലും
എന്നെ തൊട്ടുരുമ്മി, ചേർന്നു ചേർന്ന്
ഞാനുണ്ടായിരുന്നുവെന്നതിൻ തെളിവാം നീ
കല്ലറക്കുളളിൽ എന്നരികിൽ നിഴലായുറങ്ങി

- റീജ ശ്രീധരൻ

കളിത്തോണി

കടവിലാ തോണിക്കാരനിരുന്നു
കടലോളം ആശകളുമായ്
തന്റെ പേർകുറിച്ചിട്ട ആ കളിത്തോണി
തളരാതെ തുഴയില്ലാത്ത ഒഴുകി നീങ്ങുന്നതും നോക്കി
നെപ്പോളിയനെക്കാളേറെ വീറോടെ വിജയ ഘോഷം മുഴക്കി
കൂട്ടുകാർക്കിടയിൽ
എൻ തോണി മുൻപെ മുൻപെയെന്നു ചൊല്ലി
ഒടുവിൽ തടഞ്ഞ പുൽനാമ്പിൽ നിന്നും
കോൽ കൊണ്ട് തട്ടി ഒഴുക്കിലേക്കാക്കി
പ്രതീക്ഷയാലുറ്റുനോക്കി
തൻ തോണി മുങ്ങുന്ന നൊമ്പരം കാണുവാനാവാതെ
ഒരായിരം തോണികൾ മനസിലോളങ്ങളിലൂടൊഴുക്കി വിട്ട്
വീട്ടിലേക്കോടിയണയവെ
ഞാനൊഴുക്കിയ തോണി
കാണാമറയങ്ങളിലൊഴുകുകയാണെന്ന്
കൂട്ടുകാരോട് കള്ളം പറഞ്ഞും
നിദ്രയിലും കുട്ടിക്കുറുമ്പുകൾ സ്വപ്നം കണ്ട്
പൊട്ടിച്ചിരിക്കുന്നൊരു ബാല്യം
ഒരു കൊച്ചു കടലാസ് തോണിയായ്
ഓർമയിലൂടൊഴുകിയെത്തി

- റീജ ശ്രീധരൻ

ഒഴിയാബാധ

രാത്രി ഫോണും കുത്തിപ്പിടിച്ചിരിക്കുന്ന ഭാര്യയോട് അയാൾ പറഞ്ഞു,  "ഇങ്ങനെ രാത്രി ഫോണും നോക്കിയിരിക്കുന്നവരാ വഴി തെറ്റി പോവുന്നത് "
വഴി തെറ്റി പോവുകയോ...?
അതെ,  വല്ലവരുടെയും കൂടെ പോവുമെന്നാ പറഞ്ഞത്.
ഏട്ടൻ ആ കാര്യത്തിൽ പേടിക്കണ്ട.. മരിച്ചാലും ഞാൻ ഏട്ടനെ വിട്ട് എങ്ങും പോവില്ല.
പിന്നെ അയാൾ ഒന്നും പറഞ്ഞില്ല... പാവം.

- റീജ ശ്രീധരൻ