മഴ ...... നേർത്ത ചിണുങ്ങലോടെ മുറ്റത്തും ഇറയത്തും തങ്ങി നിന്നപ്പോൾ.... ആത്മാവിലുറങ്ങിപ്പോയ ഓർമകൾ അസ്വസ്ഥതയോടെ ചിറക് വച്ച് പാറി നടക്കാൻ തുടങ്ങി..... അവ നിഷ്കളങ്കമായ ബാല്യത്തിന്റെ വറ്റിപ്പോയ കണ്ണീരിൽ തളർന്നുറങ്ങിപ്പോയി.......
ഒരു വേള വീണ്ടും ഓർമകൾ ഉണരുന്നു.... അതെ ആ മഴ രാത്രിയിൽ അമ്മയുടെ അവ്യക്തമായ തേങ്ങൽ ചെവിയിൽ അലയടിക്കുന്നു..... ബോധാവസ്ഥയിലോ അതോ അബോധാവസ്ഥയിലോ... പകലിൽ എരിഞ്ഞു തീർന്ന ചിതയിൽ മഴത്തുള്ളികൾ കണ്ണീർച്ചാൽ തീർത്തപ്പോൾ.....
"അച്ഛൻ മഴ കൊള്ളുന്നു" എന്നു പറഞ്ഞ് തേങ്ങിക്കരയുന്ന അമ്മ..... മനസ്സിന്റെ താളം പിഴച്ച് യാഥാർത്ഥ്യത്തിന്റെ ഭീകരത താങ്ങാൻ കഴിയാതെ .... തളർന്നു പോയ മനസ്സ്....
രാത്രിയിൽ ആരും ഉറങ്ങുകയായിരുന്നില്ല... ആർക്കും ഉറങ്ങുവാൻ ആ രാത്രി കഴിയില്ല,...
അച്ഛന്റെ നെഞ്ചിന്റെ താളം... തന്നെ ഉറക്കിയിരുന്ന താളം നിലച്ചുപോയെന്നോ... ഒരു വേള കുഞ്ഞു മനസ്സിൽ കഠിനമായ വേദന അനുഭവപ്പെട്ടു.... അതെ രംഗ ബോധമില്ലാത്ത കോമാളി.... തന്നിൽ നിന്ന് ആ താളം എന്നെന്നേക്കുമായി കവർന്നെടുത്തു കഴിഞ്ഞു..
മുത്തശ്ശന്റെ ചുളിഞ്ഞ തളർന്ന കൈകൾ തന്റെ ശിരസ്സിലൂടെ തലോടിക്കൊണ്ടിരുന്നപ്പോൾ... അറിഞ്ഞു ,ആ ക്ഷീണിച്ച കണ്ണുകളിൽ അവശേഷിച്ച കണ്ണുനീർത്തുള്ളികളാണ് തന്റെ മുടിയിഴയിലൂടെ ഊർന്നിറങ്ങിയതെന്ന്....
അപ്പോഴും ആ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അതെ രാമനാമം ജപിക്കയാണ് മുത്തശ്ശൻ.... പിന്നെ കുറേ നാൾ ആ നാമമാണ് തന്നെ ഉറക്കിയിരുന്നത്.പിന്നീടൊരു മഴ രാത്രിയിൽ തന്നെ തനിച്ചാക്കിപ്പോയി ആ പുണ്യഗേഹവും......
പിന്നീട് മഴ തന്റെ ഗുരുവായി മാറി.. അനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചവൾ...
മഴയത്ത് ഉറക്കെ കവിത ചൊല്ലുമ്പോൾ മഴ പ്രോത്സാഹനങ്ങൾ നൽകി... മനസ്സിന്റെ ഭാരം കുറക്കാൻ മഴ താരാട്ടുപാടി ഉറക്കി... ഉറക്കമറ്റ രാത്രിയിൽ മഴ തന്നെ തൂലികയെടുത്തെഴുതിച്ചു... മഴ ആത്മാവിലേയ്ക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു.... മഴയുമായി അങ്ങനെ സൗഹൃദം ദൃഡമായി വന്നു.
സൗഭാഗ്യങ്ങളും ദുഖങ്ങളും ഒരു നീർച്ചാലിലൂടെ ഒഴുക്കിയ മഴ വീണ്ടും വന്നു... സ്വപ്നങ്ങളുമായി.. പ്രതീക്ഷകളുമായി.....
ബാല്യത്തെ കണ്ണീരിലാഴ്ത്തിയ മഴ ... കൗമാരത്തിൽ കൂട്ടായ മഴ..... യുവത്വത്തിന് പ്രതീക്ഷയുമായി വന്ന മഴ..... അതെ മഴ എപ്പോഴും മണ്ണിലും മനസ്സിലും വിത്തുകൾ മുളപ്പിക്കുന്നു..... അവയ്ക്ക് വസന്തം പകരുവാൻ കുളിരായണയുന്നു.കാലം അവയ്ക്ക് പല മുഖങ്ങളും നൽകുന്നു.....
Saturday, 29 April 2017
മഴയോർമകൾ
Subscribe to:
Posts (Atom)