Saturday, 27 April 2019

പ്രബോധനം

കൊച്ചു കൊച്ചു മോഹങ്ങൻ തൻ കൂട്ടിൽ
ഒച്ച വയ്ക്കുന്ന സ്വപ്നങ്ങൾ മന്ത്രിച്ചു
കാത്തിരിക്കാം നാളെയാകും വരെ
പോക്കുവെയിൽ മാഞ്ഞു പോകും വരെ
നാളുകളിലെത്ര നാളെകൾ ബാക്കിയായ്
ഓർമതൻ താളിൽ മായാതെ നിൽക്കയായ്
കാലമേതോ വഴിയരികിൽ തങ്ങി
കാറ്റിലൂടെ സ്വകാര്യങ്ങളോതി
ആ ജല്പനങ്ങളെൻ സിരകളിൽ
ഉഷ്ണ രക്തം വഹിച്ചുകൊണ്ടോടി
മോഹമല്ലത്, സ്വപ്നവുമല്ലത്, തേങ്ങലോ -അല്ല,
ജീവിതമെന്നിലർപ്പിച്ച ലക്ഷ്യബോധ പ്രബോധനമാണത്.
ലക്ഷ്യമാദ്യം കുറിച്ചിട്ടതല്ല
മാർഗവും ഞാൻ തിരഞ്ഞെടുത്തില്ല
അനുഭവങ്ങൾ തൻ പാഠശാലക്കുളളിൽ
അഭിനേതാവായ് വേദി പങ്കിട്ടു ഞാൻ
കുഞ്ഞായ്, മകളായ്, സോദരിയായ്
ഭാര്യയായ്, അമ്മയായ്... അങ്ങനെയങ്ങനെ വേഷങ്ങൾ പലവിധം
അരങ്ങൊഴിയാൻ സമയമാകും വരെ
അണിയണം പുതു വേഷങ്ങളിനിയും
ഇത്തിരി പോന്ന ജീവിതം കൊണ്ട്
എത്തി നോക്കണം ഈ ഭൂലോകമൊക്കെയും
കാലമേ നന്ദി.. കാണാപ്പുറങ്ങളിൽ
നീയൊരുക്കിയ കർമവീര്യത്തിന്

No comments:

Post a Comment