Sunday, 8 March 2026
സർവ്വമയി
Saturday, 29 March 2025
കുരുക്ക്
Saturday, 22 June 2024
സൗഹൃദം
Sunday, 21 February 2021
Wednesday, 11 December 2019
Tuesday, 9 July 2019
ഉറക്കം
എനിക്കൊന്നുറങ്ങണം
രാത്രിയുടെ ഏഴാം യാമങ്ങളെ
നിശബ്ദമായ് പുണർന്ന്
കനലാളുന്ന ചിന്തകളിൽ നിന്ന്
മോചനം തേടി
സ്വൈരം കെടുത്തിയ വേദനകളെയാത്രയാക്കി
ഉറക്കമിളച്ച രാത്രികളോട് നന്ദി പറഞ്ഞ്
പുസ്തകത്താളുകളെ മാറോടണച്ച്
തൂലികത്തുമ്പിൽ വിരിഞ്ഞ അവസാനക്ഷരങ്ങളെയും ഹൃദയത്തിലേയ്ക്ക് പതിപ്പിച്ച്
ഉറങ്ങാൻ പോവും നേരം അത്രയും നേരം ജ്വലിച്ചു നിന്ന ആ ദീപമണച്ച്
ഓർമകൾ കടന്നു ചെല്ലാത്ത
മറവികളുടെ മാറിൽ
എനിക്ക് സ്വച്ഛമായൊന്നുറങ്ങണം
പരിഭവങ്ങളില്ലാതെ
- റീജ ശ്രീധരൻ
Friday, 10 May 2019
ജീവിതയാത്ര
തെറ്റിയും തിരുത്തിയും
കണക്കുകൾ കൂട്ടിയും കുറച്ചും
നെട്ടോട്ടമോടിയും
ഇടയ്ക്കിടെയങ്ങനെ പശ്ചാത്തപിച്ചും
പാപങ്ങൾ പേറിയും
കുറ്റപ്പെടുത്തിയും
തന്നിലെ ശരികളിലേക്കെത്തിപ്പിടിക്കാൻ ശ്രമിച്ചും
ലക്ഷ്യത്തിലേക്കുള്ള യാത്ര
Monday, 6 May 2019
ഒരുമ
ഒരുമ
ഒന്നുമൊന്നും വലിയൊരൊന്നായതിൻ
പിന്നിലെ തത്ത്വചിന്തയെ
എങ്ങനെ രണ്ടാക്കുവാനാകും
അത്യപൂർവ്വമീ ചിന്താധാരയെ
വിഡ്ഡിത്തെമന്ന് വിളിക്കരുതാരും
- റീജ ശ്രീധരൻ
ഊണ്
ഊണിനിലയിട്ടിരുന്നതാണ്
ചോറും സാമ്പാറും പപ്പടമുപ്പേരി
പലവക, കാളൻ ഓലൻ
കൂട്ടുകറിയങ്ങനെ
തലക്കലറ്റത്ത് അച്ചാർ, പുളിയിഞ്ചി
മധുരമൂറും ശർക്കരയുപ്പേരി, പ്രഥമനും
ഇത്തിരി കൂടി കഴിക്കാമെന്ന് കരുതിയവന് മുമ്പിൽ
ചോറു തീർന്നു പോയി
ഉണ്ടു മടുത്തവന് മുമ്പിൽ
വിളമ്പ് നിർത്തുന്നുമില്ല
പ്രഥമനാശിച്ചവന് എരിവേറുമച്ചാർ
പഴം നുറുക്കു വേണ്ടവന് കയ്പക്കാത്തോരൻ
സംഭാരവും രസവും കിട്ടിയും കിട്ടാതെയും
ഓരം ചേർന്നങ്ങനെ...
ജീവിതമിങ്ങനെയാ
വേണ്ടത് കിട്ടിയതുമില്ല
വേണ്ടാത്തത് വേണ്ടുവോളവും
ഉണ്ണാനിരുന്നു പോയി
ഇല മടക്കിയെണീക്കും വരെയിനി ഇങ്ങനെ തന്നെ!
- റീജ ശ്രീധരൻ
Wednesday, 1 May 2019
വാക്കും നാക്കും
വാക്കുകൾ എത്ര തരം
മധുരിക്കുന്നവ, തേനൂറുന്നവ,
അത്യുഗ്രൻ പ്രഹര ശേഷിയുള്ളവ
വാൾത്തല പോലെ മൂർച്ചയുള്ളവ
മൃതിയടയുന്നവ
ബന്ധങ്ങൾക്ക് ജീവൻ പകരുന്നവ
സുഗന്ധമുള്ളവ, പറയാൻ ഭാവിക്കിലും
ശബ്ദമായ് പുറത്തു വരാത്തവ
പറഞ്ഞു തീർക്കാനാവാത്ത വിധം
പരന്നു കിടക്കയാണവ
തിരഞ്ഞെടുക്കാമേവർക്കും
കുറിച്ചു വയ്ക്കാം പലർക്കും
ശബ്ദമായ് ഒരുവനുനേരെ പ്രയോഗിക്കാൻ
നാക്ക് തന്നെ വേണം
- റീജ ശ്രീധരൻ
നിഴൽ
എനിക്ക് നീയും നിനക്ക് ഞാനും
മാത്രമെയുള്ളുവെന്ന്
നീയെന്നെ നിരന്തരം
പഠിപ്പിച്ചു കൊണ്ടിരുന്നു
പല നേരങ്ങളിൽ പല വലിപ്പത്തിൽ
നീയെന്റെ പ്രതിബിംബങ്ങൾ
എന്റെ ആത്മാവിലേയ്ക്ക്
പതിപ്പിച്ചു കൊണ്ടിരുന്നു
പല നിഴലുകൾക്കിടയിലും നിഴലായി
നീയെന്റെയെന്ന്
ഒരു വാക്കു പോലുമുരിയാടാതെ
മാർഗദർശിയായ് നീങ്ങി
ഒടുവിലാ നിദ്രയിലും
എന്നെ തൊട്ടുരുമ്മി, ചേർന്നു ചേർന്ന്
ഞാനുണ്ടായിരുന്നുവെന്നതിൻ തെളിവാം നീ
കല്ലറക്കുളളിൽ എന്നരികിൽ നിഴലായുറങ്ങി
- റീജ ശ്രീധരൻ
കളിത്തോണി
കടവിലാ തോണിക്കാരനിരുന്നു
കടലോളം ആശകളുമായ്
തന്റെ പേർകുറിച്ചിട്ട ആ കളിത്തോണി
തളരാതെ തുഴയില്ലാത്ത ഒഴുകി നീങ്ങുന്നതും നോക്കി
നെപ്പോളിയനെക്കാളേറെ വീറോടെ വിജയ ഘോഷം മുഴക്കി
കൂട്ടുകാർക്കിടയിൽ
എൻ തോണി മുൻപെ മുൻപെയെന്നു ചൊല്ലി
ഒടുവിൽ തടഞ്ഞ പുൽനാമ്പിൽ നിന്നും
കോൽ കൊണ്ട് തട്ടി ഒഴുക്കിലേക്കാക്കി
പ്രതീക്ഷയാലുറ്റുനോക്കി
തൻ തോണി മുങ്ങുന്ന നൊമ്പരം കാണുവാനാവാതെ
ഒരായിരം തോണികൾ മനസിലോളങ്ങളിലൂടൊഴുക്കി വിട്ട്
വീട്ടിലേക്കോടിയണയവെ
ഞാനൊഴുക്കിയ തോണി
കാണാമറയങ്ങളിലൊഴുകുകയാണെന്ന്
കൂട്ടുകാരോട് കള്ളം പറഞ്ഞും
നിദ്രയിലും കുട്ടിക്കുറുമ്പുകൾ സ്വപ്നം കണ്ട്
പൊട്ടിച്ചിരിക്കുന്നൊരു ബാല്യം
ഒരു കൊച്ചു കടലാസ് തോണിയായ്
ഓർമയിലൂടൊഴുകിയെത്തി
- റീജ ശ്രീധരൻ
ഒഴിയാബാധ
രാത്രി ഫോണും കുത്തിപ്പിടിച്ചിരിക്കുന്ന ഭാര്യയോട് അയാൾ പറഞ്ഞു, "ഇങ്ങനെ രാത്രി ഫോണും നോക്കിയിരിക്കുന്നവരാ വഴി തെറ്റി പോവുന്നത് "
വഴി തെറ്റി പോവുകയോ...?
അതെ, വല്ലവരുടെയും കൂടെ പോവുമെന്നാ പറഞ്ഞത്.
ഏട്ടൻ ആ കാര്യത്തിൽ പേടിക്കണ്ട.. മരിച്ചാലും ഞാൻ ഏട്ടനെ വിട്ട് എങ്ങും പോവില്ല.
പിന്നെ അയാൾ ഒന്നും പറഞ്ഞില്ല... പാവം.
- റീജ ശ്രീധരൻ
Sunday, 28 April 2019
വേരുകൾ
വേരുകൾ
നമ്മൾ വേരുകൾ പോലെയാവണം
ഇഴയടുക്കത്തോടെ ഒരുമിച്ച്
കൈകൾ കോർത്തു പിടിച്ച്
പുതുനാമ്പുകൾക്ക് ജീവരസങ്ങൾ തേടി
അലഞ്ഞലഞ്ഞ്
ഒടുവിൽ തളരുമ്പോഴും
തെളിനീരുറവകൾ സ്വപ്നം കണ്ട്
ജീവാത്മാവും പരമാത്മാവും
താൻ തന്നെയെന്നു ബോധ്യപ്പെടുത്തി
ആഴങ്ങളിലും അകലങ്ങളിലും ഒരുമയോടെ.....
അതെ
നമ്മളങ്ങനെ വേരുകളായി തീരണം
- റീജ ശ്രീധരൻ
Saturday, 27 April 2019
പ്രബോധനം
കൊച്ചു കൊച്ചു മോഹങ്ങൻ തൻ കൂട്ടിൽ
ഒച്ച വയ്ക്കുന്ന സ്വപ്നങ്ങൾ മന്ത്രിച്ചു
കാത്തിരിക്കാം നാളെയാകും വരെ
പോക്കുവെയിൽ മാഞ്ഞു പോകും വരെ
നാളുകളിലെത്ര നാളെകൾ ബാക്കിയായ്
ഓർമതൻ താളിൽ മായാതെ നിൽക്കയായ്
കാലമേതോ വഴിയരികിൽ തങ്ങി
കാറ്റിലൂടെ സ്വകാര്യങ്ങളോതി
ആ ജല്പനങ്ങളെൻ സിരകളിൽ
ഉഷ്ണ രക്തം വഹിച്ചുകൊണ്ടോടി
മോഹമല്ലത്, സ്വപ്നവുമല്ലത്, തേങ്ങലോ -അല്ല,
ജീവിതമെന്നിലർപ്പിച്ച ലക്ഷ്യബോധ പ്രബോധനമാണത്.
ലക്ഷ്യമാദ്യം കുറിച്ചിട്ടതല്ല
മാർഗവും ഞാൻ തിരഞ്ഞെടുത്തില്ല
അനുഭവങ്ങൾ തൻ പാഠശാലക്കുളളിൽ
അഭിനേതാവായ് വേദി പങ്കിട്ടു ഞാൻ
കുഞ്ഞായ്, മകളായ്, സോദരിയായ്
ഭാര്യയായ്, അമ്മയായ്... അങ്ങനെയങ്ങനെ വേഷങ്ങൾ പലവിധം
അരങ്ങൊഴിയാൻ സമയമാകും വരെ
അണിയണം പുതു വേഷങ്ങളിനിയും
ഇത്തിരി പോന്ന ജീവിതം കൊണ്ട്
എത്തി നോക്കണം ഈ ഭൂലോകമൊക്കെയും
കാലമേ നന്ദി.. കാണാപ്പുറങ്ങളിൽ
നീയൊരുക്കിയ കർമവീര്യത്തിന്
Wednesday, 24 April 2019
വഴികൾ
പല വഴി
പൊതുവഴി
നടവഴി.. വെട്ടുവഴി
നാട്ടിൻ പുറങ്ങളിൽ നാട്ടുവഴി
വഴിയേതെന്നറിയാതെയായപ്പോൾ
പെരുവഴി
വഴിമുട്ടിയപ്പോൾ തുറന്നത്
പുതുവഴി
രക്ഷപ്പെടുവാനൊരു കുറുക്കുവഴി
എത്രയെത്ര വഴികൾ
അതിലൂടെയെത്ര യാത്രകൾ...
ജീവിതം വിചിത്രം തന്നെ!
കുഞ്ഞുനാളിൽ "വഴി "യടങ്ങുന്ന വാക്കു നിർമാണത്തിൽ
കിട്ടാതെ പോയ വാക്കുകളോരോന്നും
പഠിപ്പിച്ചു തന്ന കാലമേ നന്ദി
നിങ്ങളും മുട്ടുവിൻ
എണ്ണമറ്റ വഴികളുണ്ട് മുമ്പിൽ
ഉചിതമായവ തുറക്കാതിരിക്കില്ല....
- റീജ ശ്രീധരൻ
Monday, 22 April 2019
അളവുകോൽ
എന്നിൽ നിന്ന് നിന്നിലേയ്ക്കും
നിന്നിൽ നിന്ന് എന്നിലേയ്ക്കുമുള്ള അകലം
എന്നുമൊരാശങ്കയായിരുന്നു.
അങ്ങനെയാണ്
അനുഭവങ്ങൾ ചേർത്ത്
ഒരു അളവുകോൽ പണിയിച്ചത്
പണിയിച്ചതു മിച്ചം!
അളവുകോൽ നാണിച്ചു പോയി പോൽ
അകലമില്ലെന്നോ?
നമ്മൾ ഒന്നായിരുന്നത്രെ!!
- റീജ ശ്രീധരൻ
Thursday, 18 April 2019
കൈനീട്ടം
കുഞ്ഞുനാളിൽ അമ്മ കുഞ്ഞുകൈകളിൽ വച്ചു തന്ന കൈനീട്ടം
കുന്നോളം മോഹങ്ങൾ നെയ്തുകൂട്ടാൻ പോന്നവയായിരുന്നു..
തുടർന്ന് അടുക്കളയിലഷ്ടിയാവുമ്പോൾ
തിരികെയാ നാണയങ്ങൾ അമ്മയുടെ കൈകളിൽ വച്ചപ്പോൾ
അമ്മയുടെ കൺകളിൽ ഉറഞ്ഞുകൂടിയ കണ്ണുനീരും ആ കൈ നീട്ടവും പഠിപ്പിച്ചത്
ജീവിതത്തിന്റെ പച്ചപരമാർത്ഥങ്ങളെ പറ്റിയായിരുന്നു.
- റീജ ശ്രീധരൻ
തണൽ മരങ്ങൾ
പാതയോരത്ത് ഏകനായ് നിൽക്കും നേരം
ആരൊക്കെയോ അനുവാദമാരായാതെ തണൽ കടം വാങ്ങിച്ചു
അത് തിരികെ നൽകേണ്ടവയാണെന്ന് അവരാരുമോർത്തില്ല
കിളികൾ ചില്ലകളിൽ പ്രണയവല്ലരികൾ തീർന്നു
ചെറു ജീവികൾ ഫലങ്ങൾ ഭക്ഷിച്ച് വിശപ്പടക്കി
പ്രതിഫലേച്ഛയില്ലാതെ ഞാൻ കൃതാർത്ഥനായ് നിന്നു
പിന്നെയൊരുനാൾ കൂർത്ത കോടാലിയാൽ അവരെന്നെ വെട്ടിമുറിക്കുമ്പോൾ
നിശബ്ദം പ്രാണവേദനയാൽ പുളഞ്ഞു
പരിഭവങ്ങളില്ലാതെ പരാതികളില്ലാതെ... യാത്രയായി.
എങ്കിലുമാ വേദന ഇപ്പോഴും തണൽ തേടിയലയുകയാണത്രെ
- റീജ ശ്രീധരൻ
