Wednesday, 11 December 2019
Tuesday, 9 July 2019
ഉറക്കം
എനിക്കൊന്നുറങ്ങണം
രാത്രിയുടെ ഏഴാം യാമങ്ങളെ
നിശബ്ദമായ് പുണർന്ന്
കനലാളുന്ന ചിന്തകളിൽ നിന്ന്
മോചനം തേടി
സ്വൈരം കെടുത്തിയ വേദനകളെയാത്രയാക്കി
ഉറക്കമിളച്ച രാത്രികളോട് നന്ദി പറഞ്ഞ്
പുസ്തകത്താളുകളെ മാറോടണച്ച്
തൂലികത്തുമ്പിൽ വിരിഞ്ഞ അവസാനക്ഷരങ്ങളെയും ഹൃദയത്തിലേയ്ക്ക് പതിപ്പിച്ച്
ഉറങ്ങാൻ പോവും നേരം അത്രയും നേരം ജ്വലിച്ചു നിന്ന ആ ദീപമണച്ച്
ഓർമകൾ കടന്നു ചെല്ലാത്ത
മറവികളുടെ മാറിൽ
എനിക്ക് സ്വച്ഛമായൊന്നുറങ്ങണം
പരിഭവങ്ങളില്ലാതെ
- റീജ ശ്രീധരൻ
Friday, 10 May 2019
ജീവിതയാത്ര
തെറ്റിയും തിരുത്തിയും
കണക്കുകൾ കൂട്ടിയും കുറച്ചും
നെട്ടോട്ടമോടിയും
ഇടയ്ക്കിടെയങ്ങനെ പശ്ചാത്തപിച്ചും
പാപങ്ങൾ പേറിയും
കുറ്റപ്പെടുത്തിയും
തന്നിലെ ശരികളിലേക്കെത്തിപ്പിടിക്കാൻ ശ്രമിച്ചും
ലക്ഷ്യത്തിലേക്കുള്ള യാത്ര
Monday, 6 May 2019
ഒരുമ
ഒരുമ
ഒന്നുമൊന്നും വലിയൊരൊന്നായതിൻ
പിന്നിലെ തത്ത്വചിന്തയെ
എങ്ങനെ രണ്ടാക്കുവാനാകും
അത്യപൂർവ്വമീ ചിന്താധാരയെ
വിഡ്ഡിത്തെമന്ന് വിളിക്കരുതാരും
- റീജ ശ്രീധരൻ
ഊണ്
ഊണിനിലയിട്ടിരുന്നതാണ്
ചോറും സാമ്പാറും പപ്പടമുപ്പേരി
പലവക, കാളൻ ഓലൻ
കൂട്ടുകറിയങ്ങനെ
തലക്കലറ്റത്ത് അച്ചാർ, പുളിയിഞ്ചി
മധുരമൂറും ശർക്കരയുപ്പേരി, പ്രഥമനും
ഇത്തിരി കൂടി കഴിക്കാമെന്ന് കരുതിയവന് മുമ്പിൽ
ചോറു തീർന്നു പോയി
ഉണ്ടു മടുത്തവന് മുമ്പിൽ
വിളമ്പ് നിർത്തുന്നുമില്ല
പ്രഥമനാശിച്ചവന് എരിവേറുമച്ചാർ
പഴം നുറുക്കു വേണ്ടവന് കയ്പക്കാത്തോരൻ
സംഭാരവും രസവും കിട്ടിയും കിട്ടാതെയും
ഓരം ചേർന്നങ്ങനെ...
ജീവിതമിങ്ങനെയാ
വേണ്ടത് കിട്ടിയതുമില്ല
വേണ്ടാത്തത് വേണ്ടുവോളവും
ഉണ്ണാനിരുന്നു പോയി
ഇല മടക്കിയെണീക്കും വരെയിനി ഇങ്ങനെ തന്നെ!
- റീജ ശ്രീധരൻ
Wednesday, 1 May 2019
വാക്കും നാക്കും
വാക്കുകൾ എത്ര തരം
മധുരിക്കുന്നവ, തേനൂറുന്നവ,
അത്യുഗ്രൻ പ്രഹര ശേഷിയുള്ളവ
വാൾത്തല പോലെ മൂർച്ചയുള്ളവ
മൃതിയടയുന്നവ
ബന്ധങ്ങൾക്ക് ജീവൻ പകരുന്നവ
സുഗന്ധമുള്ളവ, പറയാൻ ഭാവിക്കിലും
ശബ്ദമായ് പുറത്തു വരാത്തവ
പറഞ്ഞു തീർക്കാനാവാത്ത വിധം
പരന്നു കിടക്കയാണവ
തിരഞ്ഞെടുക്കാമേവർക്കും
കുറിച്ചു വയ്ക്കാം പലർക്കും
ശബ്ദമായ് ഒരുവനുനേരെ പ്രയോഗിക്കാൻ
നാക്ക് തന്നെ വേണം
- റീജ ശ്രീധരൻ