Wednesday, 20 April 2016

ഗുരുവന്ദനം
മഞ്ഞുതുള്ളികൾ വീണയീ ഭൂവിലായ്
 എങ്ങുനിന്നോ വരുന്ന പഥികർ നാം
കണ്ടുമുട്ടി വലിയമ്പലമിതോ
പങ്കുവച്ചു അറിവിന്റെ കൗതുകം
കാലമെത്ര കടന്നു പോയ് പിന്നെയും 
കാണ്മതില്ലവ ഓർമയായ് മാറവേ
ഓർമയിൽ നിന്നൂറിയോരനുഭൂതി
കോറിയിട്ടു ഞാൻ തൂലികത്തുമ്പിനാൽ
ഒന്നുമല്ല ഈ ഞാനെന്നറികിലും
ചൊല്ലിടാൻ മോഹം എന്റെയീയീരടി
എത്രയെത്ര മഹിതമാമോർമകൾ
എത്രയെത്ര സുവർണ്ണമാം ചിന്തകൾ
എത്രയെത്ര ശബളിത സ്വപ്നങ്ങൾ
പൂവണിഞ്ഞു ഈ സരസ്വതീ ക്ഷേത്രത്തിൽ
ആണ്ടുകളെത്ര താണ്ടി നിൽക്കുന്നൊരാ
ജ്ഞാന വൃക്ഷങ്ങൾ നമ്മൾക്കു ചുറ്റിലും
നമ്മളും ആ വൃക്ഷ ശിഖരത്തിൽ
കൂടു കൂട്ടിയോരമ്പലപ്രാവുകൾ
നേരമായി നമുക്കു പിരിയുവാൻ
സമയമാം രഥം ഉരുളുന്നു മുന്നിലായ്
അറിവു നേരുന്ന നാദബ്രഹ്മങ്ങളേ
നിങ്ങൾ തൻ സ്വരം മാറ്റൊലിക്കൊള്ളട്ടെ
ശിഷ്യരാം ധനം ദീപ്തമായ് തെളിയട്ടെ
ജ്ഞാനമാം സുമം വിടരട്ടെ മണ്ണിലായ്
പോയിടട്ടെയിനി യാത്രയില്ല ഗുരോ..
കാലമെന്നെ നയിക്കുന്നു മുന്നിലായ്
ലക്ഷ്യമെത്രയോ ദൂരെയാണിപ്പൊഴും
കുത്തൊഴുക്കിലുഴലുകയാണു ഞാൻ
ജീവിതത്തിൻ അനന്തമാം വേദിയിൽ
ഭീതി പൂണ്ടൊരു പൈതലാണിന്നു ഞാൻ
ജ്ഞാനമേകിയ ദിവ്യ ചൈതന്യമേ
നന്മ നേരുന്ന പുണ്യ കരങ്ങളേ..
ജീവിതം കണ്ട സൗപർണ്ണ ദീപ്തമേ
നന്ദി ചൊല്ലുവതെങ്ങനെ ഞാൻ വിഭോ..!
                                                                                                       റീജ ശ്രീധരൻ


I translated Shakespearean sonnet 18 into Malayalam
                                             sonnet 18
Shall I Compare thee to a summer's day?
Thou art more lovely and more temperature.
Rough winds do shake the darling buds of May,
And summer's lease hath all too short a date;
Sometime too hot the eye of heaven shines,
And often in his gold complexion dimmed,
And every fair from fair sometime declines,
By chance,or nature's changing course untrimmed.
But thy eternal summer shall not fade;
Nor loss possession of that fair thou ow'st,
Nor shall death brag thou wanderest in his shade,
When in eternal lines to time thou grow'st.
So long as men can breathe or eyes can see,
So long lives this,and this gives life to thee.

ഷേക്സ്പിയറുടെ കവിതാശകലം [ ഗീതകം].
സുഹൃത്തെ ,നിന്നെ ഞാൻ വസന്ത കാലത്തിനോടുപമിക്കവെ
തരളിത സ്നേഹത്തിൻ മൃദുല സ്പർശങ്ങളായ്
മേയിലിളം തെന്നലിൽ പൂമൊട്ടുകളുലയവേ..
വസന്ത ദിനങ്ങൾ യാത്ര പറഞ്ഞകലുന്നുവോ...?
ഉജ്ജ്വലിക്കും ആ അർക്ക കിരണങ്ങൾ - ഇടയ്ക്കെപ്പോഴോ -
വസന്ത മേഘങ്ങളാൽ മുഖം മറക്കവേ
നീ മങ്ങാത്ത തേജോ ഗോളമായ് വിഹരിക്കുമാകാശ ഗംഗയിൽ
[ മങ്ങുമാ പ്രകൃതി തൻ സുന്ദരഗാത്രത്തിൽ
കാല ചക്രത്തിൻ ശകടമുരുട്ടവേ ]
സുഹൃത്തെ, നിന്നിലണയാത്ത സുരഭില സ്നേഹം
ഒളിമങ്ങാത്ത പകലെന്നപോൽ സ്പഷ്ടം.
മരണത്തിൻ തണലിലഭയം തേടവേ
നിനക്കന്യമാകുന്നതും, നീയണയാത്ത ദീപമായ്!
എൻ വരികളിൽ ഉദിച്ചുയരവേ!
അവനിയിൽ ജീവൻ തുടിക്കുന്ന നാൾ വരെ
നീയുമെൻ വരിയിലൂടണയാതിരിയ്ക്കയായ്......


                          .                                        റീജ ശ്രീധരൻ
[മങ്ങുമാ പ്രകൃതി തൻ സുന്ദരഗാത്രത്തിൽ
കാല ചക്രത്തിൻ ശകടമുരുട്ടവേ  - ഈ വരികൾ sonnet ലെ വരികളുടെ
പരിഭാഷയല്ല. ഷേക്സ്പിയറിന്റെ ഗീതകം എന്റെ പരിമിതവിജ്ഞാനത്താൽ പരിഭാഷപ്പെടുത്തിയപ്പോൾ രണ്ടു വരികൾ കൂടി അധിക ഭാവനയിൽ പിറന്നു പോയി. ]



Tuesday, 19 April 2016

ഇന്നത്തെ മറക്കാനാവാത്ത അനുഭവം              March 14
ഇന്ന് കഥാരചനയായിരുന്നു. വെറുതെ ഒന്ന് പങ്കെടുത്തു. കുറച്ച് കഥയില്ലായ്മകളും എഴുതിവച്ചു. ഒന്നും  കിട്ടുമായിരിക്കില്ല.പക്ഷെ മറക്കാനാവാത്ത ഒരനുഭം ഇന്നു ലഭിച്ചു. പ്രോഗ്രാം തുടങ്ങാൻ വൈകിയതുകൊണ്ടാകാം 5.30നാണ് അവസാനിച്ചത്. ഞാനും ഗ്രീഷ്മയും ഓടി ബസ്സ് സ്റ്റോപ്പിലെത്തി. 6.30 യ്ക്ക് ഒറ്റപ്പാലം എത്തണമെന്നായിരുന്നു ലക്ഷ്യം. കാരണം എന്റെ നാട്ടിലേയ്ക്കുള്ള അവസാന ബസ്സ് 6.30നാണ്. ഞങ്ങൾ ടൗൺസ്റ്റാന്റിലേയ്ക്ക് കയറിയ ബസ്സ് അല്പം വളഞ്ഞ വഴിയിലൂടെ സഞ്ചരിച്ച് വൈകി സ്റ്റാന്റിലെത്തി. വേഗം ഒറ്റപ്പാലത്തേയ്ക്കുള്ള ബസ്സിൽ കയറി. അത് എത്ര മണിയ്ക്ക് ഒറ്റപ്പാലത്തെത്തുമെന്ന് ചോദിച്ചു. ഒരു മണിക്കൂർ വേണമത്രെ .അപ്പോൾ സമയം 5.45pm. 6.45 ന് എത്തിയിട്ട് എന്തു ചെയ്യും? മാമന് വിളിച്ചു നോക്കി. തന്നെയൊന്ന് വന്ന് കൊണ്ടു പോകാൻ. എടുക്കു ന്നില്ല.
കുറച്ചു കഴിഞ്ഞ് വിളിച്ചപ്പോൾ പറഞ്ഞു ആശുപത്രിയിലാണ് ആരെയോ എമർജൻസിയായി ഹോസ്പിറ്റലിൽ എത്തിച്ചിരിക്കയാണ്. കുറച്ചു കഴിഞ്ഞേ വരാൻ പറ്റു.സ്റ്റാന്റിൽ കുറച്ചു നേരം കാത്തു നിൽക്കണം.ഒറ്റക്കു നിൽക്കാൻ ഭ യമുണ്ട്. ഓട്ടോ വിളിച്ച് തനിച്ചു പോവാൻ അതിലുംഭയം. ഭേദം സ്റ്റാന്റിൽ കാത്തു നിൽക്കലാണെന്നു തോന്നി. ഒറ്റപ്പാലത്ത് ബസ്സിറങ്ങിയപ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു... ഒപ്പം അമ്മയുടെ സമാധാനമില്ലാത്ത ഫോൺ വിളിയും... ആദ്യം അമ്മയെ സമാധാനിപ്പിച്ചു... ഇപ്പൊ വരാം.. ബസ്സ് സ്റ്റാന്റിലെ വലിയ രണ്ടു തൂണുകളിൽ ആദ്യത്തേതിന്റെ ചുവട്ടിൽ നിന്നു. ഇരുട്ടിയതുകൊണ്ട് ചെറിയൊരു ഭയം.. മാത്രമല്ല പകൽ വെളിച്ചത്തിലെ ഒറ്റപ്പാലമല്ല രാത്രി എന്നും മനസ്സിലായി... ഓരോ ബസ്സു വരുമ്പോഴും മാമനെ പ്രതീക്ഷിച്ചു.. കാണുന്നില്ല... വിളിച്ചുനോക്കി.. എന്റെ പരിഭ്രമം കണ്ടിട്ടാവണം ദാ ... വന്നു എന്നു പറഞ്ഞു.. പക്ഷെ കാണുന്നില്ല. ആ വലിയ തൂണിൽ ചാരിനിന്നു... എന്നിൽ നിന്ന് കിട്ടിയ സ്നേഹവും ബഹുമാനവും മുമ്പൊരിക്കലും ആരിൽ നിന്നും ആ തൂണിന് ലഭിച്ചിട്ടുണ്ടാവില്ല. ഏതോ ഒരു സ്ത്രീ സ്റ്റാന്റിന്റെ മറുവശത്ത് നിൽക്കുന്നു. അവരുടെ അടുത്ത് പോയി നിൽക്കണോ എന്നാലോചിച്ചു. പക്ഷെ കാല് അനക്കാൻ പറ്റുന്നില്ല. വെള്ളം ബോട്ടിലൊന്നു തപ്പിനോക്കി... ഇല്ല വെള്ളം 4.30 യ്ക്ക് മുഴുവൻ കുടിച്ചു തീർത്ത താണ്.. പതിയെ പുറകിൽ നിന്നൊരു വിളി കേട്ടു..
മോളെന്താ വൈകിയത്?
തിരിഞ്ഞു നോക്കിയപ്പോൾ പരിചിതമായ മുഖം.കോട്ടക്കൽ ആര്യവൈദ്യശാലയിൽ മരുന്നെടുത്തു കൊടുക്കുന്ന വ്യക്തിയാണ്... എപ്പോഴും ചിരിച്ചു കൊണ്ട് പ്രസന്നമായ മുഖത്തോടെ മരുന്നെടുത്തു തരാറുണ്ട്. കാര്യങ്ങൾ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കി.. ഇത്രയും പ്രായമായ തുകൊണ്ട് കരയുന്നത് അഭിമാനക്ഷത മറ്റു മല്ലോ എന്നോർത്ത് പിടിച്ചു നിന്നു. അദ്ദേഹം പറഞ്ഞു "ഞാനിനി ഏതായാലും കുട്ടിയെ പറഞ്ഞയച്ചെ വീട്ടിൽ പോവുന്നുള്ളു.. എന്റെ മകളെപ്പോലെ ഒരു കുട്ടിയല്ലേ "
എനിക്കങ്ങനെ അല്പം ആശ്വാസമായി.
ഇപ്പോൾ കാലുകൾ ചലിപ്പിക്കാം. നമുക്കാവശത്തേയ്ക്കു നിൽക്കാം എന്നദ്ദേഹം പറഞ്ഞു. അവിടെ കുറച്ചു കൂടി സേഫ് ആണ്. എന്തേ ഇവിടെ നിന്നതെന്നു ചോദിച്ചു...
നേരത്തെ ഞാൻ ചിന്തിച്ചതാണ് അങ്ങോട്ടു നിൽക്കാൻ പക്ഷെ ഭയം ചലനശേഷിയാണ് നഷ്ടപ്പെടുത്തിയത്.ആരോടും സഹായം ആവശ്യപ്പെടാത്ത ഞാൻ കുറച്ചു നേരത്തെ സൗഹൃദത്താൽ ആ മനുഷ്യനോട് അല്പം വെള്ളമുണ്ടോ കുടിക്കാൻ എന്നു ചോദിച്ചു. അദ്ദേഹമെനിക്ക് ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം വാങ്ങിത്തന്നു. ഒറ്റ വലിക്കു ഞാനതു കുടിച്ചു തീർത്തു. ദിവസങ്ങളായി വെള്ളം കുടിക്കാത്തതു പോലെ....
അപ്പോഴേയ്ക്കും മാമ വന്നു. ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു.. നമ്മുടെ ജീവിതത്തിൽ ദൈവം പ്രത്യക്ഷപ്പെടുന്നത് ഓരോ മനുഷ്യരിലുമാണ് എന്ന സത്യം ഞാനിന്ന് തിരിച്ചറിഞ്ഞു.
ഒന്നാലോചിച്ചു നോക്കൂ നിരാലംബരായ പെൺകുട്ടികൾ... അവർ.. ജീവിതത്തെ എപ്പോഴും ഭയപ്പെടുന്നുണ്ടായിരിക്കാം..
അവർക്കു വേണ്ടിയാണ് ശ്രീ ഒ ..എൻ.വി കുറുപ്പ് " കോതമ്പുമണികൾ " എഴുതിയത്... '' പെങ്ങൾ''.. എന്ന കവിത എഴുതിയത്.... അച്ഛനും സഹോദരന്മാരുമില്ലാത്ത ഞാനുൾപ്പെടുന്ന നമ്മുടെ സഹോദരിമാരുടെ മുന്നിൽ എന്നും ഇതുപോലുള്ള ദൈവദൂതന്മാർ പ്രത്യക്ഷപ്പെടട്ടെ എന്നാശിക്കുന്നു.... നല്ല നാളെകൾ ഉണ്ടാകട്ടെ.... പ്രാർത്ഥനയോടെ
                                               ......റീജ ശ്രീധരൻ
മൺചിരാതിനുള്ളിലെ എണ്ണയിൽ
അലസമായ്ക്കിടന്നപ്പോഴറിഞ്ഞില്ല..
ഇരുളിൽ ഒളിവിതറാനാകുമെന്ന് !
തിരി കൊളുത്തുന്ന കൈൾകൾക്കു നന്ദി.....


video





















സൗഹൃദം

ആശംസാ പ്രസംഗം


                                        അനുഗ്രഹം
അപ്രതീക്ഷിതമായൊരു യാത്ര... അല്ലെങ്കിലും തനിച്ചുള്ള യാത്രകൾ തനിക്കേറെ പ്രിയപ്പെട്ടതാണല്ലോ.
ഈ അപ്രതീക്ഷിത യാത്രയുടെ ഹേതു എന്തെന്നറിയാൻ നിങ്ങൾക്കും തിടുക്കം കാണും... പറയാം.അന്ന് വിഷു ആയതു കൊണ്ട് പതിവുപോലെ രാവിലെ നേരത്തെ തന്നെ പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ... തിരക്ക് ഉണ്ടായിരുന്നെങ്കിലും എല്ലാവരും വളരെ ശാന്തരായി എനിക്ക് തോന്നി. അവിടെ നിന്നിറങ്ങി പതിയെ നടന്നു. വീട്ടിലേയ്ക്കിനി എപ്പോഴാണ് ബസ്സ് .. 9.30 ഒരു ബസ്സുണ്ട്‌. അതു കിട്ടിയില്ലെങ്കിൽ പിന്നെ 10.45 നേ പോകാൻ സാധിക്കു. എന്റെ നാട് ഒന്നാന്തരം സിറ്റി യാണെന്ന് നിങ്ങൾക്കു മനസിലായിക്കാണും. മെയിൻ റോഡിലെത്തിയപ്പോൾ എതിരെ ഒരു പച്ച നിറത്തിലുള്ള ബസ്സ് വരുന്നു. കണ്ടാൽ ഉൾപ്രദേശത്തിലൂടെ പോകുന്ന ബസ്സിന്റെ ഒരു ചായ. അമ്പലപ്പാറ വഴിയാണൊ? ശ്രദ്ധിച്ചു നോക്കി. നോക്കിയിട്ടെന്തു കാര്യം കണ്ണട ബാഗിലല്ലേ? അമ്പലത്തിലെ തിരക്ക് കണ്ട് ബാഗിൽ വച്ചതാണ്.അത് എടുത്തു നോക്കുമ്പോഴേയ്ക്കും ബസ് പോകും. അതിനെന്താ കൈ കാണിച്ചാൽ ബസ്സ് നിർത്തും പ്രത്യേകിച്ച് നാട്ടിൻ പുറത്തു കൂടെ ഓടുന്നത്.ഇതിലേ വരുന്ന അമ്പലപ്പാറ ബസ്സ് വാണി വിലാസിനി വഴിയാണ് പോവുക.അതിൽ പോയാൽ കുറച്ചു ദൂരം നടക്കണമെന്നേയുള്ളു. വേഗം വീട്ടിലെത്താം. കൈ കാണിക്കാതെ തന്നെ ബസ്സ് അടുത്തുവന്നുനിന്നു. കയറുമ്പോൾ ധൃതിയിൽ ചോദിച്ചു അമ്പലപ്പാറ വഴിയാണൊ? അയാൾ അവസാനത്തെ 'പാറ' എന്ന പദമേ കേട്ടതുള്ളു എന്നു തോന്നുന്നു അതെ.. വേഗം ഓടിക്കയറി. ഹൊ ഭാഗ്യം സീറ്റു കിട്ടി. ഇനി അവിടെയിരുന്ന് സമാധാനമായി പ്രകൃതി ഭംഗി ആസ്വദിക്കാം. വിചാരിച്ചതു പോലെ ആയിരുന്നില്ലകാര്യങ്ങൾ. ബസ്സ് ഷൊർണൂർ റോഡിനാണ് പോകുന്നത്. ഇതെങ്ങോട്ടാ...?
'ഈ ബസ്സെന്താ ഇതിലേ പോകുന്നത്?'ഞാൻ മുന്നിൽ ബസ്സിന്റെ ഡോറിൽ ചാരി നിൽക്കുന്ന കിളിയോട് ചോദിച്ചു."കവളപ്പാറയിലേയ്ക്ക് ഇതിലേയാണ് പോവുക " .ആ പയ്യൻ തന്നോട് പറഞ്ഞു. " ചേച്ചിയെങ്ങോട്ടാ " അവൻ ചോദിച്ചു. ഞാനിപ്പോൾ എങ്ങോട്ടാണ് പോകേണ്ടത്...!!? സംശയമല്ലാതെ... പരിഭ്രമമില്ലാതെ ഞാൻ പറഞ്ഞു: "കവളപ്പാറയിലേയ്ക്ക് ".
"ആദ്യമായി പോവുകയാണല്ലെ ...? ചേച്ചി പേടിക്കണ്ട കവളപ്പാറ എത്തിയാൽ ഞാൻ പറയാം''
അവനെന്നെ ധൈര്യപ്പെടുത്തി. "കവളപ്പാറ എവിടെയാ ഇറങ്ങേണ്ടത് ?" അടുത്തചോദ്യം."ഐക്കോൺസിന്റെ അടുത്ത സ്റ്റോപ്പിൽ "ഒട്ടും സംശയിക്കാതെയാണ് ഞാൻ അതും പറഞ്ഞത്.ചുനങ്ങാട് പോകേണ്ട ഞാൻ എന്തിനാണ് കവളപ്പാറ പോകുന്നതെന്ന് നിങ്ങൾക്കു തോന്നാം... അറിയാതെ ബസ്സിൽ കയറിപ്പോയി.... എപ്പോഴും കണ്ണട മുഖത്തു നിന്നെടുക്കാത്ത താൻ അത് അമ്പലത്തിലെ തിരക്കോർത്ത് അത് ബാഗിൽവച്ചു... ഈശ്വരനെ കാണാൻ അല്ലെങ്കിലും ഒരു കണ്ണടയുടെ ആവശ്യമുണ്ടോ !? വിഷയത്തിൽ നിന്നും ഞാൻ മാറിപ്പോവുകയല്ല കേട്ടൊ.... നിങ്ങൾക്കങ്ങനെ തോന്നിയെങ്കിൽ ക്ഷമിക്കുക.ഞാൻ അറിയാതെ കയറിയതാണെങ്കിലും അപ്പോൾ എനിയ്ക്ക് ആ യാത്രയ്ക്കൊരു ലക്ഷ്യബോധമുണ്ടായി.
തലേന്ന് ഞാൻ തന്റെ പാർവ്വതി ടീച്ചറെ കാണാൻ പോയിരുന്നു. ഇടയ്ക്ക് സമയം കിട്ടുമ്പോൾ പഴയ അധ്യാപകരെ സന്ദർശിക്കാൻ സമയം കണ്ടെത്താറുണ്ട്. ഇന്നലെ പോയത് ടീച്ചറെ കാണാൻമാത്രമല്ല.തന്റെ പ്രിയപ്പെട്ട ഗുരുനാഥൻ പ്രൊഫസ്സർ ബാലകൃഷ്ണവാര്യരെക്കുറിച്ച് അന്വേഷിക്കാൻ കൂടിയാണ്. പണ്ട്‌ താൻ ഇടയ്ക്ക് വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. ഇപ്പോൾ ആ ലൈൻ ഫോൺ നമ്പറിൽ വിളിച്ചാൽ കിട്ടുന്നില്ല. ഇനി അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും അറിയുക ടീച്ചർക്കാണെന്ന് ഞാൻ ഊഹിച്ചു. പക്ഷെ എന്റെ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു. ടീച്ചറും പറഞ്ഞു: അദ്ദേഹം ഇപ്പോൾ മകളുടെ അടുത്താണെന്നു തോന്നുന്നു.,മദ്രാസിൽ.
വളരെ നിരാശയോടെയാണ് തലേന്ന് വീട്ടിലേയ്ക്കു പോയത്. പക്ഷെ മനസ്സിൽ നിറയെ തന്റെ സ്നേഹനിധിയായ ഗുരു ആയിരുന്നു. തലേന്ന് രാത്രിയിൽ ഞാനൊരു സ്വപ്നം കാണുകയുണ്ടായി. എവിടെയോ ഞാൻ ഒറ്റപ്പെട്ടു നിൽക്കയാണ്.... വഴിയറിയാതെ... അപ്പോൾ ആരോ നടന്നുവരുന്നു... അതെ തന്റെ അരികിലേയ്ക്ക്.. വെളുത്ത ഷർട്ടും മുണ്ടും ധരിച്ച് ... നനുത്ത പുഞ്ചിരിയുമായി.... പ്രായാധിക്യത്താൽ പതിയെയുള്ള... ശ്രദ്ധയുള്ള നടത്തം. അദ്ദേഹം തന്നോടു പറയുകയാണ്: ''എന്റെ കുട്ടീ... ഇതിലേയാണ് പോകേണ്ടത്‌. " അദ്ദേഹം തന്റെ കൈ പിടിച്ച് മുന്നിൽ നടക്കുകയാണ്.. തനിക്കു വഴികാട്ടിയായി. അല്ലെങ്കിലും അദ്ദേഹം തന്നെയായിരുന്നു തന്റെ മാർഗദർശി.മൃതമായ ചിന്തകളും സ്വപ്നങ്ങളുമുള്ള തന്റെ ചിന്തകൾക്ക് നിറം പകരാൻ സ്വപ്നങ്ങൾക്ക് ജീവൻ നല്കാൻ അദ്ദേഹത്തിന്റെ സ്നേഹോപദേശങ്ങൾക്ക് സാധിച്ചിട്ടുണ്ട്... അതു കൊണ്ട് താൻ ഇന്നും ജീവിച്ചിരിക്കുന്നു. അവസാന വർഷ പരീക്ഷയുടെ ഫലം വന്ന ശേഷം യാത്ര പറയുമ്പോൾ അദ്ദേഹം രണ്ടു കൈകളും തന്റെ ശിരസ്സിൽ വച്ച് പറഞ്ഞതോർക്കുന്നു; " എന്റെ കുട്ടീ.... നിനക്ക് ജീവിതത്തിൽ  എല്ലാ തുറകളിലും വിജയം ലഭിക്കട്ടെ". ശരിയാണ് പരാജയഭീതിയിൽ തളർന്നു പോവുമ്പോൾ... ജീവിതത്തിൽ നിന്ന് മോചനം ആഗ്രഹിക്കുമ്പോൾ.... വീണ്ടും ആ വാക്കുകൾ തന്നെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നു. പലപ്പോഴും ആ വിശുദ്ധ കരങ്ങൾ തന്റെ തലയ്ക്കു മുകളിൽ തങ്ങി നിൽക്കുന്നതായി തോന്നുന്നു. ഗുരുവിന്റെ കൈകൾക്കും വാക്കുകൾക്കും അവാച്യമായ എന്തോ ശക്തിയുണ്ട്. ഇന്നത്തെ നമ്മുടെ കുട്ടികൾക്ക് എന്റെയീ ചിന്തകളോട് എങ്ങനെയുള്ള സമീപനമാണെന്ന് അറിഞ്ഞു കൂടാ...!
.ഗുരോ... ഞാൻ അങ്ങയെ കാണാൻ വരികയാണ്‌... അവിടെ താങ്കൾ ഉണ്ടോ ഇല്ലയോ എന്നറിയാതെ. മനസ്സു പറയുന്നു അങ്ങവിടെ എത്തിയിട്ടുണ്ട്.... അല്ലെങ്കിൽ എന്തിന് ഞാൻ അങ്ങോട്ടുള്ള ബസ്സിൽ കയറിപ്പോയി....അദ്ദേഹത്തിന്റെ ഓരോ പാഠഭാഗാവതരണവും മനസ്സിലേയ്ക്ക് ഓടിയെത്തുന്നു. വില്യം ഗോൾഡിങ്ങിന്റെ "ലോഡ് ഓഫ് ദ് ഫ്ലൈയ്സ്".... റാൽഫും ജാക്കും പിഗ്ഗിയും അതാ ഒരു ശംഖുമായി നടന്നു വരുന്നു. കാഹളം മുഴക്കിക്കൊണ്ട്.. പിഗ്മാലിയൻ, മാക്ബത്ത്, മിൽട്ടന്റെ പാരഡൈസ് ലോസ്റ്റ്.. അങ്ങനെ എത്രയെത്ര.... ക്ലാസ്സ്
മുറിയിൽ നിറഞ്ഞു നിന്ന ഗാംഭീര്യം.... ആ സ്വരം എനിക്കിപ്പോൾ കേൾക്കാം......
"ഐ കോൺസ്....ഐ കോൺസ്"  ആ പയ്യൻ വിളിച്ചു പറയുകയാണ്. പന്ത്രണ്ടു രൂപയുടെ വഴി ഇത്രയേ ഉള്ളു.... വേഗം എത്തിയതുപോലെ. അടുത്ത സ്റ്റോപ്പിൽ തനിക്കിറങ്ങണം. വിളിച്ചു പറയുന്നതിനിsയിൽ അവൻ എന്നോടു പറഞ്ഞു " അടുത്ത സ്റ്റോപ്പാ ചേച്ചി".. അവന് എന്റെ ലക്ഷ്യസ്ഥാനത്തെപ്പറ്റി കൂടുതൽ ബോധമുള്ളതുപോലെ തോന്നിച്ചു .സാധാരണ അല്പം പ്രായമുള്ളവരാണ് ഡോറിനരികിൽ നിൽക്കാറുള്ളത്.ഇവൻ നന്നെ ചെറിയ പയ്യനാണ്. വെക്കേഷനിൽ പോക്കറ്റ് മണിക്കായി ബസ്സിൽ കയറിയതാവാം. അല്ലെങ്കിൽ റിസൽട്ട് വന്നാൽ പ്ലസ് റ്റു വിന് ചേരാൻ പണമുണ്ടാക്കുവാനായിരിക്കാം. അങ്ങനെയുമായിക്കൂടെ.... എന്തോ അവനോടൊരു ആത്മബന്ധം തോന്നി... വിനയമുള്ള ഒരു കുട്ടി. അങ്ങനെ ഞാൻ  ബസ്സിറങ്ങി. വഴികൾ ഓർമയിലുണ്ട്‌.... തനിക്ക് ഒരു തവണ മതി വഴി മനസിലാക്കാൻ... പിന്നെ ആ പരിസരം കണ്ടാൽ എല്ലാം ഓർമവരും. വെറുതെ ഒന്ന് ചോദിക്കണോ?... ആരോടെങ്കിലും...വേണ്ട.. തന്റെ വഴികൾ തന്നെയാണ് ശരി... "വനമാല" എന്നാണ് വീട്ടുപേര്.കല്ലു പതിച്ച താഴോട്ടുളള റോഡിലൂടെ നടന്നു...ഭഗവാനെ... മാഷ് അവിടെ ഉണ്ടാവണേ..
ഇനി ഇല്ലെങ്കിൽ എന്തു ചെയ്യും !!? അടച്ചിട്ട ഗൈയറ്റിനരികിൽ അല്പനേരം നിൽക്കാം.. ഇതു വരെ വന്നല്ലേ..... അങ്ങനെ ഉള്ളിൽ സമാധാന ചിന്ത വരുത്താൻ ശ്രമിച്ചുവെങ്കിലും, അദ്ദേഹം അവിടെ ഉണ്ടെന്ന് ആഗ്രഹിച്ചു കൊണ്ടേയിരുന്നു. തനിക്കു വഴിതെറ്റിയില്ല.  .."വനമാല".. ഞാൻ എത്തി..മാഷെ... ഉറക്കെ വിളിക്കാൻ തോന്നി. വീട്ടിലാളുണ്ട്‌.. ഗൈയ്റ്റ് പൂട്ടിയിട്ടില്ല. കാലുകൾക്ക് വേഗത കൂടുന്നുവോ.... കോളിങ് ബെൽ അമർത്തി അക്ഷമയോടെ കാത്തു നിന്നു. മാഷാകുമോ തുറക്കുക..? അതോ അദ്ദേഹത്തിന്റെ സഹധർമ്മിണി ബാലാമണി ടീച്ചറോ...?! ഇന്നലെ പാർവതി ടീച്ചർ പറഞ്ഞിരുന്നു മാഷിന് കാര്യമായ ഓർമക്കുറവ് വന്നതുകൊണ്ട് ചികിത്സ നടത്തുന്നുണ്ട് എന്ന്. എത്ര ഓർമക്കുറവ് വന്നാലും അദ്ദേഹം എന്നെ മറക്കുമോ!...? ഇല്ല.. ഒരിക്കലുമില്ല. പതിയെ അകത്തുനിന്ന് ഒരു കാലൊച്ച കേൾക്കുന്നു... അതെ.. ആരോ വാതിൽ തുറക്കാൻ വരുന്നു.. അത് തന്റെ ഗുരുവിന്റെ കാലൊച്ചയല്ലേ..?
പതിയെ വാതിൽ തുറന്നപ്പോൾ... മാഷെ...... എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല... കണ്ണിൽ നിന്ന് ജലകണങ്ങൾ അടർന്നു വീഴുമ്പോൾ... അദ്ദേഹമെന്നെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു... "എന്റെ ചെറിയ കുട്ടി"... അതെ ഞാനെന്നും അദ്ദേഹത്തിന്റെ കൊച്ചു കുട്ടി തന്നെയായിരുന്നു. മാഷ് ഭാര്യയെ വിളിക്കുകയാണ്... "ബാലാമണി..... ഇതാരാ വന്നിരിക്കുന്നതെന്നു നോക്ക്...". ചേലയുടെ തുമ്പു കൊണ്ട് മുഖം തുടച്ച് ടീച്ചർ പൂമുഖത്തേയ്ക്കു വന്നു.. തന്നെ കണ്ടപ്പോൾ ഓടി വന്ന് തലയിൽ ചുംബിച്ചു... എപ്പോൾ കണ്ടാലും അവർ തന്റെ മൂർധാവിൽ ചുംബിക്കാറുണ്ട്‌. ഈ ചുംബനം തനിക്ക് കുഞ്ഞായിരുന്നപ്പോൾ അച്ഛനിൽ നിന്നു ലഭിച്ചിരുന്നതാണ്.എല്ലാവരും കുട്ടികളെ കവിളിലും മറ്റും ചുംബിക്കുന്നത് കാണാറുണ്ട്. പക്ഷെ അച്ഛൻ തലചേർത്തുപിടിച്ച് മൂർധാവിലാണ് തന്റെ സ്നേഹം നല്കാറുള്ളത്. നെറ്റിയിൽ ഒരു നീർകണം.. ടീച്ചർ കരയുകയാണൊ....?
ടീച്ചർ പറഞ്ഞു " മാഷ് കുറച്ചു നേരമായി പറയുന്നു... വിഷുമായിട്ട് ആരും വന്നില്ല എന്ന്...... മക്കളൊക്കെ ദൂര സ്ഥലങ്ങളിലാ.. അവർക്കങ്ങനൊക്കെ വരാൻ പറ്റുമോ..? കുട്ടിവന്നല്ലോ.. ഞങ്ങൾക്ക് സന്തോഷായി.. "
"ചായ എടുത്തിട്ട് വരാം " ടീച്ചർ അകത്തേയ്ക്കു പോയി. മാഷ് തന്നെ സോഫയിൽ പിടിച്ചിരുത്തി. കുറച്ചു നേരമായി ഞാൻ എന്നെത്തന്നെ മറന്നു പോയിരിക്കയാണ്. എന്താണ് താൻ ചെയ്യുന്നത് എന്ന് തനിക്കു തന്നെ അറിയുന്നില്ല. ഞാനാ ചെറിയ കുട്ടിയായി മാഷിന്റെ മുന്നിലിരുന്നു. ഞങ്ങൾ കുറേ നേരം സംസാരിച്ചു.. മാഷ് തലേ ദിവസമാണ് മദ്രാസിൽ നിന്നു വന്നത്. മാഷിനെ മസ്തിഷ്കത്തിലെ കോശങ്ങൾക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കയാണത്രേ.. പല കാര്യങ്ങളും മറന്നു പോകുന്നു.  ഇടയ്ക്ക് മകളുടെ പേരെന്താണെന്ന് ബുദ്ധിമുട്ടി ഓർത്തെടുക്കാറുണ്ടത്രേ .മാഷിനോട് ഞാനെന്റെ പേര് ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചില്ല. ആ ചോദ്യത്തിന് പ്രസക്തിയില്ല. മാഷ് തന്നെ എന്നും അദ്ദേഹത്തിന്റെ കൊച്ചു കുട്ടി എന്നേ വിളിച്ചിട്ടുള്ളു.. അതു മതി തനിക്ക്. അദ്ദേഹം തന്നെ മറക്കില്ല .... അത് ശിഷ്യന്റെ സ്നേഹോഷ്മളത നിറഞ്ഞെ സ്വാർത്ഥ ചിന്തയാണൊ !!
മാഷ് ചോദിക്കുകയാണ് " കുട്ടി...അനുഗ്രഹം എന്നു പറഞ്ഞാൽ എന്താ..?"
"അനുഗ്രഹം ".......അത്....
എനിക്കു മുഴുവനാക്കേണ്ടി വന്നില്ല. പണ്ടും ക്ലാസ്സിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ താൻ പറഞ്ഞു തുടങ്ങിയാൽ അദ്ദേഹം എന്നോടൊപ്പം പറയാൻ കൂടുമായിരുന്നു. തന്റെ മണ്ടൻ ആശയങ്ങളെപ്പറ്റി അദ്ദേഹം മൂല്യവത്തായി സംസാരിക്കുമായിരുന്നു. അപ്പോൾ താൻ വലിയ എന്തോ സംഗതിയാണെന്ന് തനിക്ക് തോന്നാറുണ്ടായിരുന്നു. അതെ ഇന്നും അതുപോലെതന്നെ., അദ്ദേഹം പറഞ്ഞുതുടങ്ങി,
അനു + ഗ്രഹ്, കൂടെയുള്ളവരം.. ഇപ്പോൾ സംഭവിച്ചിരിക്കുന്നതും അതാണ്.. അനുഗ്രഹീതനായ ശിഷ്യൻ.. ഗുരു എവിടെയെല്ലാം എത്തുന്നുവോ... ആ പാതയിലേയ്ക്ക് എത്തിച്ചേരുന്നു.. അതെ... അത് എത്ര സത്യമാണ്. താൻ ഇന്നിവിടെ എത്തിച്ചേർന്നത് അങ്ങനെ തന്നെയല്ലേ.!ടീച്ചർ തന്ന ചായ കുടിക്കുമ്പോൾ ഓർത്തു, തന്റെ ബാഗിൽ ബിസ്കറ്റ് പാക്കറ്റ് ഉണ്ടല്ലോ.. ഇന്നലെ വാങ്ങിയതാ .വീട്ടിൽ എത്തിയാലും ഞാൻ പലതും ബാഗിൽ നിന്നെടുക്കാൻ മറന്ന് അങ്ങനെ നടക്കും. എങ്ങോട്ടു പോവുമ്പോഴും കൂടപ്പിറപ്പിനെയെന്ന പോലെ ബാഗും ഒരു പുസ്തകും എപ്പോഴും കയ്യിലുണ്ടാകും.. ഭക്ഷണം എടുക്കാൻ ഒരു പക്ഷെ മറന്നു പോവാറുണ്ട്.
ബാഗ് തുറന്ന് പാക്കറ്റ് മാഷിനു കൊടുത്തു.ഇതൊക്കെ എന്തിനാ വാങ്ങിയത് ടീച്ചർ പരിഭവം പറഞ്ഞു.
മാഷ് അകത്തു പോയി വന്നു. കൈനീട്ടംതരാനുള്ള പുറപ്പാടാണ്. വിഷുദിവസം ആണല്ലോ ഞാനവിടെ ചെന്നുപെട്ടിരിക്കുന്നത്. ഒരിക്കൽക്കൂടി ആ പാദങ്ങളിൽ നമസ്കരിക്കാനുള്ള അവസരം. ആ ദിവ്യ കരങ്ങൾ ഒരിക്കൽക്കൂടി തന്റെ ശിരസ്സിൽ സ്പർശിക്കുന്നു. അദ്ദേഹം കണ്ണുകളടച്ച് ധ്യാനനിമഗ്നനായി നിൽക്കുന്നു. എന്താണ് ഇപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ.. ഇങ്ങനെയുള്ള ചിന്തകൾ തനിക്കല്പം കൂടുതലാണ്.... 
തന്റെ ഗുരുപാദങ്ങളിൽ ശിരസ്സ് ചേർത്തപ്പോൾ തലയിൽ തീർത്ഥം തളിച്ചതു പോലെ ഒരു തണുപ്പ്... മനസ്സ് ഭാരമില്ലാതെ സഞ്ചരിക്കുന്നു... ഞാൻ യാത്ര ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണ് ഈറനണിയുന്നുണ്ടായിരുന്നു.. " ഞാനിനിയും വരുംമാഷെ...ഇനിയും.... അപ്രതീക്ഷിതമായി.
"ലൈൻ ഫോണിൽ വിളിച്ചാൽ കിട്ടില്ല. കുട്ടി മൊബൈൽ നമ്പർ എഴുതിക്കൊണ്ടു പൊയ്ക്കൊളളു " ബാലാമണി ടീച്ചർ നമ്പർ തന്നപ്പോൾ.. ഞാനത് എഴുതിയെടുത്തു. അപ്പോൾ മനസ്സ് തന്നോടു മന്ത്രിക്കുന്നുണ്ടായിരുന്നു... തനിക്കും തന്റെ ഗുരുവിനും തമ്മിലറിയാൻ ഈ നമ്പർ ആവശ്യമുണ്ടോ !!!?
ഗൈയ്റ്റടച്ച്  നടന്നു നീങ്ങുമ്പോഴും അദ്ദേഹം ഏറെ നേരം അവിടെ നിന്ന് തന്റെ നേരെ കൈകൾ വീശുന്നുണ്ടായിരുന്നു...
അനുഗ്രഹീത യാത്ര പൂർണ്ണതയിലെത്തിയത് ഞാനറിഞ്ഞു.
ഫോൺ റിങ് ചെയ്യുന്നു. വീട്ടിൽ നിന്നും മാതൃഹൃദയത്തിന്റെ വിളി.. " ഉണ്ണീ നീയെന്താ വരാത്തത് ?"
"ഞാൻ മാഷിനെ കണ്ടു അമ്മേ.. ".
" ആരെ കണ്ടു എന്നാ പറയുന്നത്?"
"ഞാനിതാ വന്നോണ്ടിരിക്ക്യാ ... എല്ലാം വന്നിട്ടു പറയാം"
" ശരി"
അമ്മയുടെ ആശ്വാസപൂർണ്ണമായ നെടുവീർപ്പ്  എന്നിലേക്കെത്തി.... കാതങ്ങൾ പിന്നിട്ട്.
                                                             റീജ ശ്രീധരൻ

Thursday, 14 April 2016

                                              വാക്ക്
വക്കുകൾ പൊട്ടിയ വാക്കുകൾക്കിടയിൽ നിന്നും
ഒരു വാക്കു കിട്ടി!
അതിനർത്ഥം തേടി നിഘണ്ടുവും പുസ്തകങ്ങളും
കുറേക്കാലം ഉറക്കമിളച്ചു!
കഷ്ടം...
ആ വാക്കിന് അർത്ഥമില്ലെന്നോ?
ഏതാണാ വാക്ക്?
ഞാൻ തന്നെ!!!
എങ്കിലും പഴകിയ ഓർമ്മകളിൽ ആ വാക്ക്
തിരസ്കരിക്കപ്പെട്ട ഒരു ശബ്ദമായില്ലത്രേ!






                                    മുറിവ്
മനസ്സിനൊരു മുറിവു പറ്റി!
മനസ്സിനോ!!!
അന്വേഷിച്ചപ്പോഴാണറിഞ്ഞത് ..
ഏതോ വാക്കിന്റെ വക്കു കൊണ്ടതാണത്രേ!
നല്ല മൂർച്ചയുണ്ടായിരുന്നിരിക്കണം..