Saturday, 29 March 2025

കുരുക്ക്

ഇന്നലെ അമ്മക്കൊരുമ്മയും മുത്തശ്ശിയ്ക്കു മുത്തിപ്പുടവയും കുഞ്ഞനുജന് പലഹാരപ്പൊതിയുമായ് വന്നവൻ ഇന്നവരെയെല്ലാം ഒരു ചുറ്റികയാൽ തീർത്ത ത്രേ! കഷ്ടം!
പ്രിയരേ, ഉറ്റവർതൻ സ്നേഹം ലഹരിയാവട്ടെയിനിയുള്ള ദിനങ്ങളിൽ
ചുറ്റുമുള്ള ലഹരിക്കുരുക്കുകൾ അറിയാനും കുരുക്കഴിക്കാനും ആ കരങ്ങൾക്ക് ശക്തിയുണ്ടാകട്ടെ

Saturday, 22 June 2024

സൗഹൃദം



നിറവ്
-----------


ഇന്നും ഇന്നലെയും 'എന്തേ വിളിച്ചില്ല'യെന്ന പരിഭവത്തോട്
സൗഹൃദം പറഞ്ഞതിങ്ങനെ
'അടുത്തിരുന്നോരടുപ്പം മാത്രമല്ല
മറക്കാനാവാത്തവിധമോർമകൾ ഓർക്കാതിരിക്കാനാവാത്തവണ്ണം നീയെന്നിലുണ്ടെന്ന് ബോധ്യപ്പെടുത്തുവാൻ ഒരു വിളിക്കാവില്ല.. പണിമുടക്കിയ ഫോണിനും .. ക്ഷമിക്കുക '
പതിയെ വിടരുമൊരു പുഞ്ചിരിയും കണ്ണീരുപ്പുകലരുമാനന്ദവും ചേർന്നങ്ങനെ നിറവായി  സൗഹൃദം തളിർക്കുന്നു പൂക്കുന്നു പിന്നെയും

_ റീജ ശ്രീധരൻ, ചുനങ്ങാട്

Tuesday, 9 July 2019

ഉറക്കം

എനിക്കൊന്നുറങ്ങണം
രാത്രിയുടെ ഏഴാം യാമങ്ങളെ
നിശബ്ദമായ് പുണർന്ന്
കനലാളുന്ന ചിന്തകളിൽ നിന്ന്
മോചനം തേടി
സ്വൈരം കെടുത്തിയ വേദനകളെയാത്രയാക്കി
ഉറക്കമിളച്ച രാത്രികളോട് നന്ദി പറഞ്ഞ്
പുസ്തകത്താളുകളെ മാറോടണച്ച്
തൂലികത്തുമ്പിൽ വിരിഞ്ഞ അവസാനക്ഷരങ്ങളെയും ഹൃദയത്തിലേയ്ക്ക് പതിപ്പിച്ച്
ഉറങ്ങാൻ പോവും നേരം അത്രയും നേരം ജ്വലിച്ചു നിന്ന ആ ദീപമണച്ച്
ഓർമകൾ കടന്നു ചെല്ലാത്ത
മറവികളുടെ മാറിൽ
എനിക്ക് സ്വച്ഛമായൊന്നുറങ്ങണം
പരിഭവങ്ങളില്ലാതെ

- റീജ ശ്രീധരൻ

Friday, 10 May 2019

ജീവിതയാത്ര

തെറ്റിയും തിരുത്തിയും
കണക്കുകൾ കൂട്ടിയും കുറച്ചും
നെട്ടോട്ടമോടിയും
ഇടയ്ക്കിടെയങ്ങനെ പശ്ചാത്തപിച്ചും
പാപങ്ങൾ പേറിയും
കുറ്റപ്പെടുത്തിയും
തന്നിലെ ശരികളിലേക്കെത്തിപ്പിടിക്കാൻ ശ്രമിച്ചും
ലക്ഷ്യത്തിലേക്കുള്ള യാത്ര

Monday, 6 May 2019

ഒരുമ

                       ഒരുമ

ഒന്നുമൊന്നും വലിയൊരൊന്നായതിൻ
പിന്നിലെ തത്ത്വചിന്തയെ
എങ്ങനെ രണ്ടാക്കുവാനാകും
അത്യപൂർവ്വമീ ചിന്താധാരയെ
വിഡ്ഡിത്തെമന്ന് വിളിക്കരുതാരും

- റീജ ശ്രീധരൻ